Thursday, November 26, 2026

അടുത്ത മാസവും ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് ഉയര്‍ത്തിയേക്കും

ഓട്ടവ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഓഫ് കാനഡ അടുത്ത മാസം വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍. ഇത് രാജ്യത്തെ സാധാരണക്കാരുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

ചൊവ്വാഴ്ച ‘ഇക്കണോമിക് ക്ലബ് ഓഫ് കാനഡ’യില്‍ സംസാരിക്കവെ, ബിസിനസ് മേഖലയില്‍ ചെലവുകള്‍ വര്‍ധിച്ചുവരികയാണെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മാക്ലെം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ധനവിലയിലുണ്ടായ വര്‍ധന മറ്റ് അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന ആശങ്ക ബാങ്കിനുണ്ടെന്ന് ഗവര്‍ണറുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണെന്ന് ബി.എം.ഒ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് സീനിയര്‍ ഇക്കണോമിസ്റ്റ് സാല്‍ ഗ്വാട്ടിയേരി പറഞ്ഞു. അടുത്ത വര്‍ഷത്തേക്ക് പലിശ വര്‍ധന മാറ്റിവെക്കാന്‍ ബാങ്ക് തയ്യാറായേക്കില്ലെന്നും, കുറഞ്ഞത് 0.25 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ അടിസ്ഥാന പലിശനിരക്ക് 2.75 ശതമാനമായി ഉയരും.

എണ്ണവിലയും റിഫൈനറി മാര്‍ജിനുകളും അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും പണപ്പെരുപ്പം തുടരാനാണ് സാധ്യതയെന്ന് ടിഫ് മാക്ലെം വ്യക്തമാക്കി. പുതുവര്‍ഷത്തില്‍ എണ്ണവില വര്‍ദ്ധനവിന്റെ രണ്ടാം ഘട്ട പ്രത്യാഘാതങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചേക്കാം. സമ്പദ്വ്യവസ്ഥ ഇപ്പോഴും കരുത്തോടെ നില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ വീണ്ടുമൊരു പലിശ വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് വിദഗ്ധരുടെ പക്ഷം.

ഈ വര്‍ഷത്തെ ബാങ്ക് ഓഫ് കാനഡയുടെ അവസാന പലിശനിരക്ക് പ്രഖ്യാപനം ഡിസംബര്‍ ഒന്‍പതിനാണ്. നേരത്തെ ഒക്ടോബര്‍ 28-ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാങ്ക് 0.25 ശതമാനം പലിശ വര്‍ദ്ധിപ്പിച്ച് 2.5 ശതമാനമാക്കിയിരുന്നു. ഇറാന്‍ യുദ്ധവും മറ്റ് ആഗോള സംഘര്‍ഷങ്ങളും മൂലമുണ്ടായ എണ്ണവില വര്‍ദ്ധനവ് മറ്റ് മേഖലകളിലേക്ക് പടരുന്നത് തടയാനായിരുന്നു അന്നത്തെ തീരുമാനം.

അതേസമയം, ഡിസംബറിലെ വര്‍ദ്ധനവോടെ പലിശനിരക്ക് കൂട്ടുന്നത് താല്‍ക്കാലികമായി നിര്‍ത്തിയേക്കാമെന്ന് സി.ഐ.ബി.സി ചീഫ് ഇക്കണോമിസ്റ്റ് അവേരി ഷെന്‍ഫെല്‍ഡ് അഭിപ്രായപ്പെട്ടു. എങ്കിലും സമ്പദ്വ്യവസ്ഥ ദുര്‍ബലമാവുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, യു.എസുമായി വ്യാപാര കരാറിലെത്താന്‍ സാധിക്കാതെ ജനുവരിയില്‍ പുതിയ താരിഫുകള്‍ നിലവില്‍ വരികയാണെങ്കില്‍ പലിശ വര്‍ദ്ധനവ് കനത്ത തിരിച്ചടിയാകുമെന്നും, അടുത്ത വര്‍ഷം നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ ബാങ്ക് നിര്‍ബന്ധിതമായേക്കാമെന്നും സാല്‍ ഗ്വാട്ടിയേരി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!