Thursday, November 26, 2026

OAS, GIS പേയ്‌മെന്റുകള്‍ ഇന്ന് അക്കൗണ്ടുകളില്‍ എത്തും

ഓട്ടവ: കാനഡയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഓള്‍ഡ് ഏജ് സെക്യൂരിറ്റി (OAS), ഗ്യാരണ്ടീഡ് ഇന്‍കം സപ്ലിമെന്റ് (GIS) ആനുകൂല്യങ്ങളുടെ നവംബര്‍ മാസത്തെ പേയ്മെന്റ് ഇന്ന് വിതരണം ചെയ്യും. സര്‍വീസ് കാനഡയാണ് അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിക്കുന്നത്. നേരിട്ടുള്ള ബാങ്ക് നിക്ഷേപം വഴി പണം സ്വീകരിക്കുന്നവര്‍ക്ക് വ്യാഴാഴ്ച രാവിലെ തന്നെ തുക ലഭ്യമാകും.

2026 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പുതുക്കിയ നിരക്കുകള്‍ പ്രകാരമുള്ള രണ്ടാമത്തെ പേയ്മെന്റാണിത്. ഉപഭോക്തൃ വില സൂചികയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് ഓരോ മൂന്ന് മാസത്തിലും പെന്‍ഷന്‍ തുക പുതുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 28 മുതല്‍ ആനുകൂല്യങ്ങളില്‍ 1.4 ശതമാനം വര്‍ധന പ്രാബല്യത്തില്‍ വന്നിരുന്നു.

പുതിയ നിരക്കനുസരിച്ച് 65 മുതല്‍ 74 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി പ്രതിമാസ OAS പെന്‍ഷന്‍ 762.50 ഡോളറും, 75 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്ക് 838.75 ഡോളറുമാണ്. 18 വയസ്സിന് ശേഷം കാനഡയില്‍ താമസിച്ച കാലയളവാണ് പെന്‍ഷന്‍ തുക നിര്‍ണയിക്കുന്നത്. പൂര്‍ണ പെന്‍ഷന് 40 വര്‍ഷത്തെ താമസം ആവശ്യമാണെങ്കിലും, കുറഞ്ഞത് 10 വര്‍ഷം കാനഡയില്‍ താമസിച്ചിട്ടുള്ള 65 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഭാഗിക പെന്‍ഷന് അര്‍ഹതയുണ്ട്.

കുറഞ്ഞ വരുമാനമുള്ള OAS ഗുണഭോക്താക്കള്‍ക്ക് അധികമായി നല്‍കുന്ന GIS ആനുകൂല്യം അവിവാഹിതര്‍ക്ക് പ്രതിമാസം പരമാവധി 1,138.90 ഡോളറാണ്. വരുമാനവും കുടുംബ സാഹചര്യവും അനുസരിച്ച് ഈ തുകയില്‍ മാറ്റമുണ്ടാകും. കൂടാതെ, 60-നും 64-നും ഇടയില്‍ പ്രായമുള്ള അര്‍ഹരായവര്‍ക്ക് അലവന്‍സും വിധവകള്‍ക്ക് സര്‍വൈവര്‍ അലവന്‍സും ലഭിക്കും.

GIS ആനുകൂല്യങ്ങള്‍ ഓരോ വര്‍ഷവും ജൂലൈയില്‍ മുന്‍വര്‍ഷത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ വാര്‍ഷിക നികുതി റിട്ടേണ്‍ കൃത്യമായി സമര്‍പ്പിക്കേണ്ടതുണ്ട്. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് OAS റിക്കവറി ടാക്‌സും ബാധകമായേക്കാം.

2026 വര്‍ഷത്തെ അവസാന OAS, GIS പേയ്മെന്റ് ഡിസംബര്‍ 22-ന് വിതരണം ചെയ്യും. തുടര്‍ന്ന് 2027 ജനുവരി മുതല്‍ OAS നിരക്കില്‍ 0.4 ശതമാനം വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കിലുള്ള ആദ്യ പേയ്മെന്റ് ജനുവരി 27-ന് ലഭിക്കും. പെന്‍ഷന്‍ തുകയും യോഗ്യതയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് മൈ സര്‍വീസ് കാനഡ അക്കൗണ്ട് വഴി പരിശോധിക്കാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!