Thursday, November 26, 2026

കാനഡക്കെതിരായ ട്രംപിന്റെ തീരുവ നീക്കം: എതിര്‍പ്പുമായി US തൊഴിലാളി യൂണിയനുകള്‍

ഓട്ടവ: കാനഡയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ കനത്ത താരിഫുകള്‍ക്കെതിരെ (ഇറക്കുമതി തീരുവ) അമേരിക്കയിലെ പ്രമുഖ തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. താരിഫുകള്‍ രാജ്യത്തെ ഫാക്ടറി ജോലികള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദമെങ്കിലും, ലക്ഷക്കണക്കിന് നിര്‍മ്മാണത്തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ നേതാക്കള്‍ ഈ നീക്കത്തില്‍ കടുത്ത ആശങ്കയിലാണ്. കാനഡയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വ്യാപകമായ താരിഫുകള്‍ പിന്‍വലിച്ച് കൂടുതല്‍ പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള താരിഫുകളെ തങ്ങള്‍ എക്കാലവും പിന്തുണച്ചിട്ടുണ്ടെങ്കിലും, ട്രംപ് ഭരണകൂടം യാതൊരു ആസൂത്രണവുമില്ലാതെയാണ് കാനഡയ്ക്ക് മേല്‍ നികുതി ചുമത്തുന്നതെന്ന് ഐ.എ.എം (IAM Union) ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ബ്രയാന്‍ ബ്രയാന്റ് കുറ്റപ്പെടുത്തി. ഡിസംബര്‍ ആദ്യവാരം യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രീറുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം നേരിട്ട് ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ വേതനം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും, കനേഡിയന്‍ സ്റ്റീലിനും അലുമിനിയത്തിനും മേലുള്ള നികുതി അമേരിക്കയിലെ എയ്റോസ്പേസ്, കപ്പല്‍ നിര്‍മ്മാണ മേഖലകളിലെ ഉല്‍പ്പാദനച്ചെലവ് കൂട്ടുകയും തൊഴിലാളികളുടെ ജോലി അപകടത്തിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാനഡയിലെ മാര്‍ക്ക് കാര്‍ണി സര്‍ക്കാരും അമേരിക്കന്‍ ഉദ്യോഗസ്ഥരും തമ്മില്‍ വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യൂണിയനുകളുടെ ഈ ഇടപെടല്‍. താരിഫുകളില്‍ പരമാവധി ഇളവ് നേടിയെടുക്കാന്‍ കാനഡ ശ്രമിക്കുമ്പോഴും, നികുതി പൂര്‍ണ്ണമായി ഒഴിവാക്കുന്ന ഒരു കരാര്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കാനഡ-യു.എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2,800 കോടി ഡോളറിന്റെ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റീല്‍ വര്‍ക്കേഴ്‌സ് (USW) പ്രസിഡന്റ് റോക്‌സാന്‍ ബ്രൗണും ബ്രയാന്‍ ബ്രയാന്റും ചേര്‍ന്ന് വൈറ്റ് ഹൗസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തടികൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, മദ്യം, ചീസ്, കായിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് മേല്‍ ട്രംപ് അധിക നികുതി നടപ്പിലാക്കുകയായിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ വ്യാപാരബന്ധം തകര്‍ക്കരുതെന്നും, സ്റ്റീല്‍ മേഖലയില്‍ കൃത്യമായ പഠനം നടത്തിയ ശേഷം മാത്രമേ താരിഫുകള്‍ ഏര്‍പ്പെടുത്താവൂ എന്നും റോക്‌സാന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു.

തുടക്കത്തില്‍ ട്രംപിന്റെ താരിഫ് നയങ്ങളെ ശക്തമായി പിന്തുണച്ചിരുന്ന യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് (UAW) പ്രസിഡന്റ് ഷോണ്‍ ഫെയ്‌നും ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മിഷിഗണിലെ പ്രാദേശിക യൂണിയന്‍ നേതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്, കൃത്യമായ ലക്ഷ്യത്തോടെയുള്ള ‘സ്ട്രാറ്റജിക്’ താരിഫുകളെ മാത്രമാണ് താന്‍ പിന്തുണയ്ക്കുന്നതെന്നും, എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ കണ്ണടച്ച് നികുതി ചുമത്തുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദത്തിനുള്ള ആയുധമാക്കാനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ഓഗസ്റ്റില്‍ യു.എസ് താരിഫ് ആക്ട് സെക്ഷന്‍ 338 പ്രകാരം ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫിനെ അമേരിക്കയിലെ ഏറ്റവും വലിയ തൊഴിലാളി ഫെഡറേഷനായ എ.എഫ്.എല്‍-സി.ഐ.ഒ (AFL-CIO) പൂര്‍ണ്ണമായും എതിര്‍ത്തു. ഇത് അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള വ്യവസായങ്ങളെ തകര്‍ക്കുകയും ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ കാത്തി ഫെയ്ന്‍ഗോള്‍ഡ് പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷം നേടിയത് വ്യാപാര നയങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എങ്കിലും, ജനുവരി ഒന്ന് മുതല്‍ കാനഡയില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും വാഹന ഭാഗങ്ങള്‍ക്കും 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് എന്നീ പ്രമുഖ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!