ക്വീന്‍സ് പാര്‍ക്ക്: ഇ-ബൈക്കുകള്‍ക്ക് (E-bikes) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒന്റാരിയോ സര്‍ക്കാര്‍. അടുത്ത വര്‍ഷം മെയ് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഒന്റാരിയോ ഗതാഗത മന്ത്രി പ്രഭ്മീത് സര്‍ക്കാരിയ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2009-ന് ശേഷം പ്രവിശ്യയില്‍ ഇ-ബൈക്ക് നിയമങ്ങള്‍ പരിഷ്കരിച്ചിട്ടില്ലെന്നും, കഴിഞ്ഞ കാലയളവില്‍ വാഹന സാങ്കേതികവിദ്യയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതിനാലാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് നിയമങ്ങളും മാറേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2027 മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇ-ബൈക്കുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സും, വാഹന രജിസ്ട്രേഷനും, ഇന്‍ഷുറന്‍സും ഇല്ലാതെ ഒന്റാരിയോയിലെ റോഡുകളില്‍ സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. സാധാരണ സൈക്കിളിന് സമാനമായ തുറന്ന ഫ്രെയിം, പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന പെഡലുകള്‍, മണിക്കൂറില്‍ പരമാവധി 32 കിലോമീറ്റര്‍ വേഗപരിധി എന്നിവയുള്ളവയെ മാത്രമേ ഇനി മുതല്‍ ഇ-ബൈക്കുകളായി പരിഗണിക്കുകയുള്ളൂ.
മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ സ്കൂട്ടര്‍ മാതൃകയിലുള്ള ഇലക്ട്രിക് വാഹനങ്ങളെ ഇ-ബൈക്കുകളായി കണക്കാക്കാന്‍ കഴിയില്ലെന്നും, കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഇവ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. പുതിയ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2,500 ഡോളര്‍ വരെ പിഴ ചുമത്താനും വാഹനം കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്.
