Saturday, November 28, 2026

കാനഡയിൽ മൊബൈൽ കമ്പനികൾക്ക് തിരിച്ചടി; അനധികൃത നിരക്കുകൾ നിർത്താൻ ഉത്തരവ്

ഓട്ടവ: ഉപഭോക്താക്കളിൽ നിന്ന് നിയമവിരുദ്ധമായി ഈടാക്കുന്ന ചില നിരക്കുകൾ നിർത്താൻ കാനഡയിലെ പ്രമുഖ ടെലികോം കമ്പനികളായ ബെൽ, റോജേഴ്സ്, ടെലസ് എന്നിവരോട് നിർദേശിച്ച് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC). ഡിസംബർ 27നകം നിരക്കുകൾ നിർത്തണമെന്നാണ് ഉത്തരവ്. നെറ്റ്‌വർക്ക് ലോക്ക് ചെയ്ത ഫോണുകൾ വിൽക്കുന്ന ബെല്ലിന് 10 മില്യൺ ഡോളർ വരെ പിഴയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൊബൈൽ സേവന പ്ലാനുകൾ എടുക്കുമ്പോൾ ഫോൺ കൈകാര്യം ചെയ്യുന്നതിനും സജ്ജീകരിക്കുന്നതിനും ഈടാക്കുന്ന നിരക്കുകളാണ് കമ്മീഷൻ നിരോധിച്ചത്. ബെല്ലിന്റെ ഫോൺ ഹാൻഡ്‌ലിങ് ചാർജ്, റോജേഴ്സിന്റെ ഫോൺ സെറ്റപ്പ് ചാർജ്, ടെലസിന്റെ സിം, ഇ-സിം ആക്ടിവേഷൻ നിരക്കുകൾ എന്നിവ നിയമവിരുദ്ധമാണെന്ന് സിആർടിസി വ്യക്തമാക്കി.

അതേസമയം, നഷ്ടപ്പെട്ടതോ കേടായതോ ആയ സിം കാർഡുകൾ മാറ്റി നൽകുന്നതിന് റോജേഴ്സും ടെലസും ഈടാക്കുന്ന നിരക്കുകൾക്കും റോജേഴ്സിന്റെ ഷിപ്പിങ് ചാർജിനും നിരോധനം ബാധകമല്ലെന്നും കമ്മീഷൻ അറിയിച്ചു.

ജൂണിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ആരംഭിക്കാനും മാറ്റാനും റദ്ദാക്കാനും ഈടാക്കുന്ന ഫീസുകൾ സിആർടിസി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിം കാർഡുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പേരിൽ കമ്പനികൾ പുതിയ നിരക്കുകൾ ഏർപ്പെടുത്തിയത്. നിരോധിച്ച ആക്ടിവേഷൻ ഫീസുകൾ മറ്റൊരു പേരിൽ ഈടാക്കുന്നതാണിതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും നിരക്കുകൾ തുടരുകയായിരുന്നുവെന്നും അതിനാലാണ് വിഷയത്തിൽ അടിയന്തര തീരുമാനമെടുത്തതെന്നും സിആർടിസി ആക്ടിങ് വൈസ് പ്രസിഡന്റ് ഷീഹാൻ കാർട്ടർ പറഞ്ഞു.

എന്നാൽ, ഫോൺ സെറ്റപ്പ് ചാർജുമായി ബന്ധപ്പെട്ട തീരുമാനത്തോട് വിയോജിപ്പുണ്ടെന്ന് റോജേഴ്സ് വ്യക്തമാക്കി. ഇത്തരം നിരക്കുകൾ യഥാർഥ പ്രവർത്തനച്ചെലവുകൾ നികത്താനാണെന്നാണ് കമ്പനിയുടെ വിശദീകരണം. ബെല്ലും ടെലസും കമ്മീഷന്റെ തീരുമാനങ്ങൾ പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു.

ബെല്ലിന് 10 മില്യൺ ഡോളർ വരെ പിഴ

നെറ്റ്‌വർക്ക് ലോക്ക് ചെയ്ത മൊബൈൽ ഫോണുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിലൂടെ ബെൽ നിയമങ്ങൾ ലംഘിച്ചതായും സിആർടിസി കണ്ടെത്തി. ഇതിന് 10 മില്യൺ ഡോളർ വരെ പിഴ ചുമത്തുന്നത് പരിഗണനയിലാണെന്ന് കമ്മീഷൻ അറിയിച്ചു.

മറ്റൊരു സേവനദാതാവിന്റെ മികച്ച ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് ഉപഭോക്താക്കളെ തടയുന്നതാണ് ഫോൺ ലോക്കിങ് സംവിധാനം. 2017ൽ തന്നെ കാനഡയിൽ ഫോൺ ലോക്കിങ് നിരോധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഓഗസ്റ്റിൽ പരമാവധി രണ്ട് പ്രവൃത്തി ദിവസത്തേക്ക് ഫോണുകൾ ലോക്ക് ചെയ്യാൻ കമ്പനികൾക്ക് താൽക്കാലിക അനുമതി നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് ആവശ്യപ്പെട്ടാൽ സൗജന്യമായി ഉടൻ അൺലോക്ക് ചെയ്യണമെന്നും നിർദേശിച്ചിരുന്നു.

ഫോണുകൾ 60 ദിവസത്തേക്ക് ലോക്ക് ചെയ്യാൻ അനുവദിക്കണമെന്ന ടെലസിന്റെ അപേക്ഷയും സിആർടിസി തള്ളി. ടെലസ് യഥാർഥത്തിൽ ലോക്ക് ചെയ്ത ഫോണുകൾ വിറ്റതായി തെളിവില്ലാത്തതിനാൽ നിലവിൽ പിഴ ചുമത്തുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

കാനഡയിലെ മൊബൈൽ വിപണിയുടെ ഏകദേശം 90 ശതമാനവും ബെൽ, റോജേഴ്സ്, ടെലസ് എന്നീ മൂന്ന് കമ്പനികളുടെ നിയന്ത്രണത്തിലാണെന്നാണ് 2024ലെ കണക്ക്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!