ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് ഡെൽറ്റ എയർലൈൻസ് വിമാനം യാത്ര റദ്ദാക്കി ആകാശത്തേക്ക് തിരിച്ചുയർന്നു. എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം ലാൻഡിങ് ഒഴിവാക്കിയ വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറക്കി. സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
റൺവേയിലേക്ക് അടുക്കുന്നതിനിടെയാണ് ഭൂചലനമുണ്ടായത്. ഇതോടെ എയർ ട്രാഫിക് കൺട്രോളർ പൈലറ്റുമാരോട് ലാൻഡിങ് ഒഴിവാക്കി വീണ്ടും ഉയരാൻ നിർദേശിച്ചു. ‘ഡെൽറ്റ 1972, ഗോ എറൗണ്ട്. ഇവിടെ ശക്തമായ ഭൂചലനമുണ്ടായിട്ടുണ്ട്’ എന്നായിരുന്നു നിർദേശം. ഇതനുസരിച്ച് വിമാനം ലാൻഡിങ് ഉപേക്ഷിച്ച് ആകാശത്ത് തുടർന്നു. പിന്നീട് ഏകദേശം ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലെ ലൈവ് സ്ട്രീമിൽ പതിഞ്ഞിട്ടുണ്ട്. ഭൂചലനത്തിനിടെ ക്യാമറ ശക്തമായി കുലുങ്ങുന്നതും സമീപത്തുള്ള വാഹനങ്ങളുടെ അലാറങ്ങൾ മുഴങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ ലാൻഡിങ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോളറും തമ്മിലുള്ള സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
വിമാനത്താവളത്തിലും പ്രകമ്പനം
പസഫിക് സമയം രാവിലെ 9.30ഓടെയാണ് ഭൂചലനമുണ്ടായത്. മാൻഹട്ടൻ ബീച്ചിന് ഏകദേശം അഞ്ച് കിലോമീറ്റർ തെക്കുപടിഞ്ഞാറായി സാന്താ മോണിക്ക ഉൾക്കടലിന് താഴെയാണ് പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 12 മുതൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലെ ഒരു ടെർമിനലിൽ സീലിങ് ടൈലുകൾ താഴെ വീണതായും റിപ്പോർട്ടുകളുണ്ട്. സീലിങ് ഫിക്സ്ചറുകൾ കുലുങ്ങുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നാശനഷ്ടങ്ങളും അപകടസാധ്യതകളും വിലയിരുത്തുന്നതിനായി ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്മെന്റ് 106 ഫയർ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ രംഗത്തിറക്കി. പ്രാഥമിക പരിശോധനയിൽ കാര്യമായ ഘടനാപരമായ നാശനഷ്ടങ്ങളോ പരുക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് വകുപ്പ് വക്താവ് ലിൻഡ്സി ലാൻറ്സ് അറിയിച്ചു.
19 തുടർചലനങ്ങൾ; സുനാമി ഭീഷണിയില്ല
ഭൂചലനത്തിന് പിന്നാലെ തുടർചലനങ്ങൾ ഉണ്ടായതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കാലിഫോർണിയ ഗവർണറുടെ ഓഫീസ് ഓഫ് എമർജൻസി സർവീസസ് അറിയിച്ചു. അതേസമയം, സുനാമി ഭീഷണിയില്ലെന്ന് യു.എസ്. നാഷണൽ സുനാമി വാണിങ് സെന്റർ വ്യക്തമാക്കി.
ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിന് സമീപമുള്ള ഷെവ്റോണിന്റെ എൽ സെഗുണ്ടോ എണ്ണശുദ്ധീകരണശാലയിൽ നിന്ന് തീജ്വാല ഉയർന്നതും ആശങ്കയുണ്ടാക്കി. എന്നാൽ അധിക വാതകം സുരക്ഷിതമായി കത്തിച്ചുകളയുന്ന പതിവ് പ്രവർത്തനമായ ‘സേഫ്റ്റി ഫ്ലെയറിങ്’ ആണ് നടന്നതെന്നും ഭൂചലനവുമായി ഇതിന് ബന്ധമില്ലെന്നും നഗര അധികൃതർ വ്യക്തമാക്കി.
ഭൂചലനത്തിന് പിന്നാലെയുള്ള 45 മിനിറ്റിനിടെ 3.7 തീവ്രത രേഖപ്പെടുത്തിയ ചലനം ഉൾപ്പെടെ കുറഞ്ഞത് 19 തുടർചലനങ്ങൾ ഉണ്ടായതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.
