Sunday, November 29, 2026

കെ. സുധാകരൻ ദുബായിലെ ആശുപത്രി വിട്ടു; ഇന്ന് രാത്രി ഡൽഹിയിലേക്ക് മടങ്ങും, സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ്

ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9.30ന് എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകൾ. സ്വന്തം ഉത്തരവാദിത്തത്തിലാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതെന്ന് മകൻ സഞ്ചോഗ് സുധാകരൻ അറിയിച്ചു.

നവംബർ 27നാണ് പരിശോധനയ്ക്കായി സുധാകരനെ ദുബായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമേരിക്കയിൽ വിദഗ്ധ ചികിത്സ തേടാനായിരുന്നു കുടുംബത്തിന്റെ ആദ്യ തീരുമാനം. എന്നാൽ പാർലമെന്റിന്റെ നിർണായക സമ്മേളനം വിളിച്ചുചേർത്തതോടെ ഡൽഹിയിൽ തിരിച്ചെത്താൻ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ ആശുപത്രി അധികൃതർ സുധാകരനെ ഐസിയുവിലേക്ക് മാറ്റിയതും കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കാത്തതും വിവാദമായി. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും ആശുപത്രിയിലെ നടപടികളിൽ ദുരൂഹതയുണ്ടെന്നും മകൻ സഞ്ചോഗ് ആരോപിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കളും ഇടപെട്ടു.

പിന്നീട് മകന് ഐസിയുവിൽ പ്രവേശിച്ച് സുധാകരനെ കാണാൻ അനുമതി ലഭിച്ചു. അച്ഛന് ഓർമക്കുറവുണ്ടെന്നും ആശുപത്രി അധികൃതർ ഡിസ്ചാർജിന് തയ്യാറാകാത്തതിനാൽ സ്വന്തം ഉത്തരവാദിത്തത്തിൽ കൊണ്ടുപോകാൻ അനുമതി തേടുകയായിരുന്നുവെന്നും സഞ്ചോഗ് മാധ്യമങ്ങളോട് പറഞ്ഞു.

സുധാകരനെ ഐസിയുവിലേക്ക് മാറ്റിയത് അപസ്മാരത്തെ തുടർന്നാണെന്നും യാത്രയ്ക്കിടെ വീണ്ടും അത്തരമൊരു സാഹചര്യമുണ്ടാകാമെന്ന ആശങ്ക ഡോക്ടർമാർ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് കുടുംബം സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാർലമെന്റിൽ പരിഗണിക്കാനിരിക്കെ എല്ലാ എംപിമാരുടെയും സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. സുധാകരന്റെ മടക്കയാത്രയും ഈ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ ശ്രദ്ധ നേടുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!