മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ പാസാക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിൽ കേന്ദ്രസർക്കാർ. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്ന ബില്ലിന് ലോക്സഭയിൽ 371 എംപിമാരുടെ പിന്തുണ ലഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങളുടെ കണക്കുകൂട്ടൽ. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ആത്മവിശ്വാസം.

നേരത്തെ ഏപ്രിലിൽ ലോക്സഭയിൽ അവതരിപ്പിച്ച മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. അന്ന് വോട്ടെടുപ്പിൽ പങ്കെടുത്ത 528 അംഗങ്ങളിൽ 298 പേർ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേർ എതിർത്ത് വോട്ട് ചെയ്തു. എന്നാൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ പാർലമെന്റിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
തൃണമൂൽ കോൺഗ്രസിൽനിന്ന് 20 എംപിമാരും ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗത്തിൽനിന്ന് ആറ് എംപിമാരും എൻഡിഎ പക്ഷത്തേക്ക് എത്തിയതാണ് കേന്ദ്രത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. ശിരോമണി അകാലിദളിന്റെ പിന്തുണയും ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ഡിഎംകെയുടെ 22 എംപിമാരും ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രതിപക്ഷ നിരയിൽനിന്നുള്ള പിന്തുണയും നിർണായകമാകുകയാണ്.
സർക്കാർ വൃത്തങ്ങളുടെ കണക്കനുസരിച്ച് 371 എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. 540 പേർ വോട്ടെടുപ്പിൽ പങ്കെടുത്താൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 വോട്ടുകളാണ് വേണ്ടത്. ഈ കണക്കനുസരിച്ച് 11 വോട്ടുകളുടെ അധിക പിന്തുണ കേന്ദ്രത്തിന് ലഭിക്കും. ഭരണഘടനാ ഭേദഗതി ബിൽ പാസാകാൻ സഭയിലെ ആകെ അംഗസംഖ്യയുടെ ഭൂരിപക്ഷത്തിനൊപ്പം ഹാജരായി വോട്ട് ചെയ്യുന്നവരിൽ മൂന്നിൽ രണ്ട് പേരുടെ പിന്തുണയും ആവശ്യമാണ്.
ലോക്സഭയിലെ അംഗസംഖ്യ 543ൽ നിന്ന് പരമാവധി 850 ആയി ഉയർത്തുക, എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുക, സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുക എന്നിവയാണ് ബില്ലുകളുടെ പ്രധാന ലക്ഷ്യങ്ങൾ. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ സീറ്റ് വിഹിതം 2051 വരെ മാറ്റമില്ലാതെ നിലനിർത്താനാണ് നിർദേശം.
അതേസമയം, രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കേണ്ടതുണ്ട്. അവിടെയും ആവശ്യമായ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ വോട്ടെടുപ്പ് ഏറെ നിർണായകമാകും. ഏപ്രിലിൽ പരാജയപ്പെട്ട ബിൽ ഇത്തവണ പാസാക്കാനാകുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
