വാക്കുതര്‍ക്കത്തെതുടര്‍ന്ന് ഓടുന്ന ട്രെയിനിനടിയിലേക്ക് സൈനികനെ തള്ളിയിട്ട് ടിടിഇ. യുപിയിലെ ബറേലിയിലാണ് സംഭവം. ഒരു കാല്‍ നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലായ സൈനികനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാവലിംഗ് ടിക്കറ്റ് എക്സാമിനര്‍ സുപന്‍ ബോറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
സൈനികനായ സോനുവിനെയാണ് ദിബ്രുഗഡ്-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസിനടിയിലേക്ക് ടിടിഇ തള്ളിയിട്ടത്. ബറേലി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം 2-ല്‍ നിന്നിരുന്ന സോനുവുമായി ടിക്കറ്റിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതായത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴിലുള്ള മൊറാദാബാദ് ഡിവിഷനിലെ സീനിയര്‍ ഫിനാന്‍സ് മാനേജര്‍ സുധീര്‍ സിംഗ് പറഞ്ഞു.
പ്രകോപിതനായ ബോര്‍ സൈനികനെ പുറത്തേക്ക് തള്ളിയിട്ടു. സൈനികന്‍ ട്രെയിനിനടിയില്‍ വീണു. ‘അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല് നഷ്ടപ്പെട്ടു, അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു.’- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമം (കൊലപാതകശ്രമം) സെക്ഷന്‍ 307 പ്രകാരം ടിടിഇ ബോറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റെയില്‍വേ പോലീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജിത് പ്രതാപ് സിംഗ് പറഞ്ഞു. സംഭവത്തിന് ശേഷം ചില സഹയാത്രക്കാര്‍ ടിടിഇയെ മര്‍ദിച്ചതായും റിപ്പോര്‍ട്ട്.
