ബിഹാറില്‍ വ്യാജ മദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. നിരവധി പേര്‍ക്ക് കാഴചശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ സംസ്ഥാനമായ ബിഹാറിലെ മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുന്ന രണ്ട് ഗ്രാമങ്ങളിലാണ് പ്രധാനമായും മരണങ്ങള്‍ നടന്നത്.
മദ്യം കുടിച്ചതിന് പിന്നാലെ ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു, മറ്റുള്ളവര്‍ ചികിത്സയിലിരിക്കെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 22 ആയി.
ഇതുവരെ 22 പോസ്റ്റ്‌മോർട്ടം നടത്തിയതായി ആശുപത്രി മേധാവി സാഗര്‍ ദുലാല്‍ സിന്‍ഹ പറഞ്ഞു.
പ്രദേശത്തെ അനധികൃത മദ്യവില്‍പ്പനശാലകള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. ”ഞങ്ങള്‍ ഒരു ഡസനിലധികം മദ്യ വ്യാപാരികളെ അറസ്റ്റ് ചെയ്യുകയും മറ്റ് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്,” കുമാര്‍ എഎഫ്പിയോട് പറഞ്ഞു.
അനിയന്ത്രിതമായ ബാക്ക്സ്ട്രീറ്റ് ഡിസ്റ്റിലറികളില്‍ നിര്‍മ്മിക്കുന്ന വിലകുറഞ്ഞ മദ്യത്തിന്റെ കരിഞ്ചന്ത വില്‍പ്പന നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. ഇത് ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകളെയാണ് കൊല്ലുന്നത്.
രാജ്യത്ത് പ്രതിവര്‍ഷം അഞ്ച് ബില്യണ്‍ ലിറ്റര്‍ മദ്യം കുടിക്കുന്നതില്‍ 40 ശതമാനവും നിയമവിരുദ്ധമായി നിര്‍മ്മിക്കപ്പെടുന്നതായി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
വ്യാജമദ്യത്തിൽ അതിന്റെ വീര്യം വര്‍ധിപ്പിക്കാന്‍ പലപ്പോഴും മെഥനോള്‍ ചേര്‍ത്താണ് ഉപയോഗിക്കുന്നത്. മെഥനോള്‍ കഴിച്ചാല്‍ അന്ധതയ്ക്കും കരള്‍ തകരാറിനും മരണത്തിനും കാരണമാകും.
ജൂലൈയില്‍ ഗുജറാത്തില്‍ 42 പേര്‍ വ്യാജ മദ്യം കുടിച്ച് മരിച്ചു. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ പഞ്ചാബില്‍ നൂറോളം പേര്‍ മരിച്ചിരുന്നു.
