മാഡ്രിഡ്: ചെറിയ ഇടവേളയ്ക്കു ശേഷം സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സലോണ. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകർത്താണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. പരിശീലകനെന്ന നിലയില്‍ സാവി ഹെര്‍ണാണ്ടസിന്റെ ആദ്യ ലീഗ് കിരീടമാണിത്.
നാല് റൗണ്ട് മത്സരങ്ങള്‍ ശേഷിക്കേ രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14 പോയന്റിന്റെ ലീഡ് നേടിയാണ് ബാഴ്‌സ തങ്ങളുടെ 27-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. 2018-19 സീസണിലായിരുന്നു അവസാന കിരീടം നേട്ടം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷമുള്ള ആദ്യ കിരീടവുമാണിത്.
