ഒന്റാരിയോ കോളേജ് അഡ്മിഷന് ഓഫ് ലെറ്റര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറുകണക്കിന് അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിലവില്‍ വഴിമുട്ടിയ അവസ്ഥയിലാണ്. നോര്‍ത്തേണ്‍ കോളേജ് വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള അവരുടെ പ്രവേശന ഓഫറുകള്‍ അസാധുവാക്കിയതായി 500 അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കാണ് മെയില്‍ അയച്ചത്.

തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് പ്രക്രിയകള്‍ നടത്തിയത്. പഞ്ചാബില്‍ നിന്നുള്ള ആഷ്ലി രജിസ്ട്രേഷന് ഫീസ് അടച്ച് പഞ്ചാബില്‍ നിന്ന് ടൊറന്റോയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷമാണ് പ്രവേശന ഓഫറുകള്‍ അസാധുവാക്കിയ വിവരം അറിയുന്നത്.
നോര്‍ത്തേണ്‍ കോളേജിന്റെ അഫിലിയേറ്റ് ആയ സ്കാര്‍ബറോയിലെ പ്യൂര്സ് കോളേജ് ഓഫ് ടെക്നോളജിയില്‍ ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്ട്രേഷന് പഠിക്കാന്‍ ഫെബ്രുവരിയില്‍ ആണ് ആഷ്ലിക്ക് സ്വീകാര്യത കത്ത് ലഭിച്ചത്. ഇതോടെ ആഷ്ലി സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചു. തുടര്‍ന്ന് ഹെല്‍ത്ത് കെയറിലെ ജോലി ഉപേക്ഷിച്ചു. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്താമസിക്കാന് സ്ഥലം കണ്ടെത്തി. 2200 ഡോളര്‍ ചെലവഴിച്ച് വിമാന ടിക്കറ്റും ബുക്ക് ചെയ്തു. ആഷ്ലിയെ പോലെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതോടെ ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നത്.
