കഴിഞ്ഞ ശൈത്യകാലത്ത് ഓര്‍ലിയന്‍സ് സബ്ഡിവിഷനില്‍ നിരവധി വീടുകള്‍ തകരുകയും 5 മില്യണ്‍ ഡോളറിലധികം നാശനഷ്ടം വരുത്തുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തില്‍ പ്രതിയായ ഓട്ടവ സ്വദേശി കോഡി ട്രോയ് ക്രോസ്ബിയ്ക്ക് കോടതി അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചു. വ്യാഴാഴ്ചയാണ് മുപ്പത്തിയഞ്ചുകാരാനായ പ്രതി കോടതിക്ക് മുമ്പില്‍ കുറ്റം സമ്മതിച്ചത്.
ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാട്ടര്‍ ഹീറ്ററുകള്‍ മോഷ്ടിക്കാനാണ് ബ്ലോസം പാസ് ടെറസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് വീടുകളില്‍ ക്രോസ്ബി അതിക്രമിച്ചു കയറിയത്. രണ്ട് വീടുകളില്‍ നിന്നും വാട്ടര്‍ ഹീറ്ററുകള്‍ മോഷ്ടിക്കുകയും ചെയ്തു. ഇതിനിടെ അബദ്ധത്തില്‍ പാചകവാതക ലൈന്‍ തുറക്കുകയും ഗ്യാസ് വീടുകളില്‍ നിറയുകയുമായിരുന്നു. ഫെബ്രുവരി 13ന് സൈറ്റ് ജോലിക്കാര്‍ എത്തി പണി തുടങ്ങിയപ്പോള്‍ വാതകത്തിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

ഒട്ടാവ പോലീസ് അഗ്‌നിശമന വിഭാഗമാണ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മാര്‍ച്ചില്‍ ക്രോസ്ബിക്കെതിരെ കുറ്റം ചുമത്തി. സ്ഫോടനത്തില്‍ 5.3 മില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായി മിന്റോ കണക്കാക്കുന്നു. സ്ഫോടനത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാല് ടൗണ്‍ ഹോമുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായും നിരവധി തകര്‍ന്ന വീടുകള്‍ പൊളിക്കേണ്ടി വന്നതായും കോടതി പറഞ്ഞു.
