ഹാലിഫാക്സ് : താമസത്തിനും ഭക്ഷണത്തിനുമുള്ള വർദ്ധിച്ചുവരുന്ന ചെലവുകൾ പ്രവിശ്യയിലെ ജീവിതച്ചിലവ് വർധനവിന് കാരണമായതായി കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സ്-നോവസ്കോഷ വാർഷിക റിപ്പോർട്ട്. പ്രവിശ്യയിലുടനീളം ശരാശരി 18 ശതമാനം വർധനയുണ്ടായ പാർപ്പിട ചെലവുകളും 11 ശതമാനം വർധിച്ച ഭക്ഷണച്ചെലവുകളുമാണ് ഈ വർഷത്തെ വർദ്ധനവിന് കാരണമായ പ്രധാന ഘടകങ്ങൾ.
2023-ലെ കേപ് ബ്രെട്ടൺ നിവാസികളുടെ ജീവിത വേതന നിരക്ക് മണിക്കൂറിൽ 22.85 ഡോളറും ഹാലിഫാക്സിൽ 26.50 ഡോളറുമാണ്. കഴിഞ്ഞ വർഷം, കേപ് ബ്രെട്ടണിൽ മണിക്കൂറിന് 20 ഡോളറും ഹാലിഫാക്സിൽ 23.50 ഡോളറുമായിരുന്നു നിരക്കാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. പ്രവിശ്യയിലെ അഞ്ച് പ്രധാന നഗരങ്ങളിലെ വാർഷിക വർധന ശരാശരി 14 ശതമാനമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അന്നാപൊലിസിൽ മണിക്കൂറിന് 25.40 ഡോളറും ദക്ഷിണ നോവസ്കോഷയിൽ 25.05 ഡോളറുമാണ് ജീവിത വേതന നിരക്ക്.

ഒക്‌ടോബർ 1-ന് പ്രവിശ്യയിലെ ഒരു മണിക്കൂർ മിനിമം വേതനം 15 ഡോളർ ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, മിനിമം വേതനം 20 ഡോളർ ആയി വർധിപ്പിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
