Monday, November 23, 2026

100 ന്റെ പടിവാതിൽക്കൽ വി.എസ്; ആഘോഷമാക്കാനൊരുങ്ങി അണികൾ

ശതാബ്ദി നിറവിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ് നാളെ നൂറാം ജന്മദിനം ആഘോഷിക്കും. ജനപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ആഴവും ഗാംഭീര്യവും കണിശതയുമാണ് വി.എസ്. യാതനകൾ, കൊടിയ മർദനങ്ങൾ, വേട്ടയാടലുകൾ, സമര മുഖങ്ങൾ. ആ ജീവിതം ഇപ്പോഴും സമര ഭരിതമാണ്. വിഎസ് കേരള ചരിത്രത്തിലെ, വർത്തമാന കാലത്തേയും ഇടിമുഴക്കമാണ്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. കേരള രാഷ്ടീയത്തിൽ പടർന്നു പന്തലിച്ചുനിൽക്കുന്ന വലിയ വടവൃക്ഷം. കേരള മനഃസാക്ഷിക്ക് വിഎസ് നീതിബോധത്തിന്റെയും , തളരാത്ത സമര വീര്യത്തിന്റെയും ആൾരൂപമാണ്. സാധാരണക്കാർക്കിടയിൽ മാർക്‌സിസ്റ്റ് പാർട്ടിയേക്കാൾ വലിയ ‘ശരി ‘യായി ബിംബവൽക്കരിക്കപ്പെട്ട ജനനായകൻ 100 ന്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്.

അനീതിക്കെതിരെ ഉറച്ച നിലപാടെടുക്കുകയും അത് ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്യുന്ന വി എസ് പക്ഷേ, ഇന്ന് വീടിന്റെ ചുവരുകൾക്കുള്ളിൽ വിശ്രമ ജീവിതത്തിലാണ്. മകൻ വി എ അരുൺ കുമാറിൻറെ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വീട്ടിലാണ് അദ്ദേഹമുള്ളത്. അസുഖബാധിതനാകുന്നത് മുൻപ് വരെ പുലർച്ചയുള്ള 20 മിനിറ്റ് നടത്തം, യോഗ എന്നിവയിലൂടെയായിരുന്നു വി എസിൻറെ ദിനചര്യ ആരംഭിച്ചിരുന്നത്. പക്ഷാഘാതത്തെ തുടർന്ന് 2019 മുതലാണ് വി എസ് പൊതുജീവതത്തിൽനിന്ന് മാറിനിൽക്കുന്നത്. പ്രിയ നേതാവ് നൂറാം വയസ്സിലേക്ക് കടക്കുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ.

ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉൾപ്പെടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഐഎം പുറത്തിറക്കും. ഇടത് അനുഭാവമുള്ള സാംസ്‌കാരിക വേദികളുടെ നേതൃത്വത്തിൽ ജന്മ ദിന സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!