ഹാമിൽട്ടൻ∙ ന്യൂസീലൻഡിൽ നടക്കുന്ന വനിതാ ലോകകപ്പ് മത്സരത്തിൽ വിസ്മയിപ്പിക്കുന്ന ക്യാച്ചുമായി വെസ്റ്റിൻഡീസ് താരം ദിയേന്ദ്ര ഡോട്ടിൻ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് അസാമാന്യ ക്യാച്ചുമായി ഡോട്ടിൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇംഗ്ലിഷ് ഓപ്പണർ ലോറൻ വിൻഫീൽഡ് ഹില്ലിനെ പുറത്താക്കാൻ ഡോട്ടിൻ എടുത്ത പറക്കും ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഡോട്ടിനും ഹെയ്‍ലി നൈറ്റും തകർത്തടിച്ചതോടെ അവർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വനിതകൾ നേടിയത് 225 റൺസ്. ഡോട്ടിൻ 31 റൺസെടുത്തും ഹെയ്‍ലി 45 റൺസെടുത്തും പുറത്തായി. വിക്കറ്റ്‍ കീപ്പർ ബാറ്റർ ഷെമെയ്ൻ കാംബൽ അർധസെഞ്ചുറി (66) നേടിയതോടെയാണ് വിൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
ഇംഗ്ലണ്ട് മറുപടി ബാറ്റിങ് ആരംഭിച്ച് അധികം വൈകും മുൻപായിരുന്നു ഡോട്ടിന്റെ തകർപ്പൻ ക്യാച്ച് ആരാധകരെ ഞെട്ടിച്ചത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ ഒൻപതാം ഓവർ ബോൾ ചെയ്തത് ഷമീലിയ കോണൽ. ആദ്യ പന്തു നേരിട്ട ലോറൻ വിൻഫീൽഡ് ഹിൽ കട്ട് ഷോട്ടിലൂടെ ബൗണ്ടറിക്കു ശ്രമിച്ചു.
പന്ത് ബാക്‌വാർഡ് പോയിന്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ദിയേന്ദ്ര ഡോട്ടിനെ കടന്നുപോകുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് കണ്ടത് തികച്ചും വിസ്മയിപ്പിക്കുന്ന കാഴ്ച. ഇടത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത ഡോട്ടിൻ, ഒറ്റക്കയ്യിൽ പന്ത് ഒതുക്കിയാണ് നിലംപതിച്ചത്. ബൗണ്ടറിയെന്നുറപ്പിച്ച പന്തിനെ അസാമാന്യ മികവിലൂടെ ഡോട്ടിൻ കയ്യിലൊതുക്കുന്ന ദൃശ്യം ആരാധകർ ഏറ്റെടുത്തു. ഇതോടെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ഡോട്ടിന്റെ ക്യാച്ചിനു പിന്നാലെ കൂട്ടത്തകർച്ച നേരിട്ട ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 30 റൺസെന്ന നിലയിൽനിന്ന് നാലിന് 72 റൺസെന്ന നിലയിൽ തകർന്നു. 47.4 ഓവറിൽ 218 റൺസിന് ഓൾഔട്ടായി മത്സരം കൈവിടുകയും ചെയ്തു.