ടെഹ്റാൻ: അമേരിക്കയുമായുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ആണവ, മിസൈൽ ശേഷികൾ ആർക്കും കൈമാറില്ലെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി. ഇറാന്റെ ദേശീയ ആസ്തികളായ ഈ പദ്ധതികളെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ സാങ്കേതികവിദ്യയും മിസൈൽ പദ്ധതികളും ഇറാന്റെ അഭിമാനമാണ്. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നത് പോലെ തന്നെ ഇവയെയും സംരക്ഷിക്കും. പേർഷ്യൻ ഗൾഫിൽ അമേരിക്കൻ സാന്നിധ്യം അനുവദിക്കില്ല. ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ പോലും ശേഷിയില്ലെന്ന് ഖമേനി പരിഹസിച്ചു.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ ഇറാൻ പുതിയ നിയമങ്ങൾ കൊണ്ടുവരും. മേഖലയിലെ യുഎസ് സ്വാധീനം പരാജയപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിൽ മുൻ നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മൊജ്തബ ഖമേനി അധികാരമേറ്റത്. ആക്രമണത്തിൽ മൊജ്തബ ഖമേനിക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം രേഖാമൂലമുള്ള പ്രസ്താവനയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലക്ഷ്യം കാണാതെ പരാജയപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വ്യക്തമാക്കി. ഗൾഫ് മേഖലയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ഇറാന്റെ നിലപാട്.
