കീവ് : റഷ്യന്‍ അധിനിവേശം 14-ാം ദിനത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി മാനുഷിക ഇടനാഴികള്‍ തുറന്നു. എന്നാല്‍ പല പ്രദേശങ്ങളിലും മാനുഷിക ഇടനാഴികള്‍ സജീവമായിട്ടില്ലെന്നു യുക്രൈന്‍ ആരോപിക്കുന്നു.
യുക്രൈനിന് നിഷ്പക്ഷ പദവി ഉറപ്പാക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ. ചര്‍ച്ചകളിലൂടെ നടപടികള്‍ സാധ്യമാക്കാനാണ് താത്പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യം തങ്ങള്‍ക്കില്ലെന്നും അടുത്ത ഘട്ട ചര്‍ച്ചകളില്‍ സുപ്രധാന പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും മരിയ വ്യക്തമാക്കി.
മാനുഷിക ഇടനാഴികള്‍ സജീവമല്ലെന്ന് ആരോപണം
ആക്രമണം രൂക്ഷമായ നഗരണങ്ങളില്‍ നിന്ന് സാധാരണക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മരുന്നോ ശുദ്ധജലമോ ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് രക്ഷപെടാനുള്ള വഴികള്‍ ലഭ്യമാകുന്നില്ല .
പോൾട്ടാവയിലേക്ക് മാനുഷിക ഇടനാഴിയിലൂടെ സാധാരണക്കാര്‍ കാറുകളില്‍ രക്ഷപെടുന്നുണ്ടെന്ന് കിഴക്കൻ നഗരമായ സുമിയുടെ ഗവർണർ പറഞ്ഞു. എന്നാല്‍ ഉച്ചയോടെ യുക്രൈനില്‍ മറ്റ് മാനുഷിക ഇടനാഴികള്‍ സജീവമായതായി സ്ഥിരീകരണമില്ല. പ്രത്യേകിച്ചും മരിയുപോളിന്റെ പുറത്തേക്ക് എത്താനുള്ള വഴികള്‍, ഗവര്‍ണര്‍ പറഞ്ഞു.
നോ ഫ്ലൈ സോണ്‍ ആവശ്യവുമായി യുക്രൈന്‍
തന്റെ രാജ്യത്തെ സംരക്ഷിക്കാന്‍ നൊ ഫ്ലൈ സോണ്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സാധരണക്കാര്‍ മരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദികളായിരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു. റഷ്യയുടെ ആക്രമണം ശക്തമാവുകയാണെന്നും എന്നാല്‍ യുക്രൈന്‍ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യ മിസൈലുകളും, ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ച് ആക്രമിക്കുകയാണ്. സാധരണക്കാര്‍ക്കെതിരെയും, നഗരങ്ങള്‍ക്ക് നേരെയും, കെട്ടിടങ്ങള്‍ക്കെതിരെയുമാണ് ആക്രമണം. ലോകം ഇതിനെതിരെ പ്രതികരിക്കേണ്ടത് മാനുഷികമായ ഉത്തരവാദിത്വമാണ്, സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.
പുതിയ ഉപരോധങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
യുക്രൈനിലെ റഷ്യന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതായി ഫ്രാന്‍സ് അറിയിച്ചു.
പുതിയ ഉപരോധങ്ങളിൽ സമുദ്രമേഖലയിലെ നിയന്ത്രണങ്ങളും ഉൾപ്പെടുന്നു, കൂടാതെ മൂന്ന് ബെലാറഷ്യൻ ബാങ്കുകളെ സ്വിഫ്റ്റ് ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്നും ഫ്രാൻസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ഫ്രാൻസിലെ വെർസൈൽസിൽ നടക്കുന്ന ഉച്ചകോടിയിൽ 27 അംഗരാജ്യങ്ങളുടെ നേതാക്കൾ അധിക ഉപരോധങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
യുക്രൈനിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാന്‍ നടപടികളുമായി യുഎന്‍
റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് ഭീഷണി നേരിടുന്ന യുക്രൈനില്‍ സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതായി ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക ഏജന്‍സി (യുനെസ്കൊ) അറിയിച്ചു.
സാംസ്കാരിക പൈതൃക സ്ഥലങ്ങളും സ്മാരകങ്ങളും അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള സംരക്ഷിത പദവി നല്‍കി തിരിച്ചുപിടിക്കുക എന്നതാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുനെസ്കൊ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു.