കീവ്: കിഴക്കൻ യുക്രൈൻ പട്ടണമായ സെവെറോഡൊൻസെക്കിൽ ഉണ്ടായ റഷ്യൻ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
അതേസമയം, മരിയോപോൾ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് യുക്രൈൻ ജനങ്ങളെ ഒഴിപ്പിക്കൽ തുടരുകയാണ്. ആറ് മനുഷ്യത്വ ഇടനാഴികൾ വഴിയാണ് ഒഴിപ്പിക്കൽ നടക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് വരെ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നത്.
യുക്രൈന് യുദ്ധവിമാനങ്ങൾ നൽകാമെന്ന പോളണ്ടിന്റെ വാഗ്ദാനം നിരസിച്ച് അമേരിക്ക; മരിയോപോളിൽ വെടിനിർത്തൽ ലംഘിച്ച് റഷ്യ
റഷ്യൻ നിർമ്മിത മിഗ്-29 യുദ്ധവിമാനങ്ങൾ ജർമ്മനിയിലെ യുഎസ് താവളത്തിലേക്ക് മാറ്റാനുള്ള നാറ്റോ സഖ്യകക്ഷിയായ പോളണ്ടിന്റെ അപ്രതീക്ഷിത വാഗ്ദാനം ചൊവ്വാഴ്ച അമേരിക്ക നിരസിച്ചു.
യുക്രെയ്നിലേക്കുള്ള ആയുധ വിതരണം വേഗത്തിലാക്കാൻ അമേരിക്ക ശ്രമിച്ചു. പക്ഷേ നാറ്റോ മേഖലയിൽ നിന്ന് യുദ്ധവിമാനങ്ങൾ യുദ്ധമേഖലയിലേക്ക് പോകുന്നത് “മുഴുവൻ നാറ്റോ സഖ്യകക്ഷികളിലും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ്,” പെന്റഗൺ പറഞ്ഞു.
റഷ്യയുമായി നേരിട്ടുള്ള സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് നാറ്റോ പറഞ്ഞു, യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. പോളണ്ടുമായും മറ്റ് നാറ്റോ സഖ്യകക്ഷികളുമായും ചർച്ചകൾ തുടരുമെന്നും. എന്നാൽ പോളണ്ടിന്റെ നിർദ്ദേശം ന്യായമായ ഒന്നാണെന്ന് വിശ്വസിക്കുന്നില്ലെന്നും പെന്റഗൺ പറഞ്ഞു.
അതേസമയം, റഷ്യ വെടിനിർത്തൽ കരാർ ലംഘിച്ചതിനാൽ മരിയോപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായും റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായും യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യക്ക് കീഴടങ്ങാതെ അടുത്ത പത്ത് ദിവസം പിടിച്ചു നിൽക്കുക എന്നതാണ് യുക്രൈന്റെ ലക്ഷ്യം: മുതിർന്ന ഉദ്യോഗസ്ഥൻ
യുക്രൈൻ അടുത്ത ഏഴ് മുതൽ 10 ദിവസത്തേക്ക് റഷ്യയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കണം എന്നതാണ്, മോസ്‌കോ ഏതെങ്കിലും തരത്തിലുള്ള വിജയം അവകാശപ്പെടുന്നത് തടയാനുള്ള വഴിയെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിയോപോൾ, കീവ് നഗരങ്ങളെ ലക്ഷ്യം വെച്ച് റഷ്യ ഏതെങ്കിലും തരത്തിലുള്ള വിജയം ആഗ്രഹിക്കുന്നുണ്ടെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.
അതേസമയം, ഷെല്ലാക്രമണ സാധ്യതയുള്ള കീവിൽ എയർ അലർട്ട് പ്രഖ്യാപിച്ചു. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
റഷ്യയെ ഭീകര രാജ്യമായി അംഗീകരിക്കണമെന്ന് സെലൻസ്കി
തന്റെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തെ തുടർന്ന് റഷ്യയെ ഒരു “ഭീകര രാജ്യമായി” അംഗീകരിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ചൊവ്വാഴ്ച ബ്രിട്ടീഷ് എംപിമാരോട് ആഹ്വാനം ചെയ്തു. “നമ്മുടെ ആകാശം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ” കർശനമായ ഉപരോധങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ കോൺഫറൻസിലൂടെ യുകെ പാർലമെന്റിൽ സംസാരിച്ച സെലൻസ്കിക്ക് പാർലമെന്റ് അംഗങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. “ഞങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തിനായി നിങ്ങളുടെ സഹായം തേടുകയാണ്. നിങ്ങളുടെ സഹായങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്, ബോറിസ്, ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്,” ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിസംബോധന ചെയ്തുകൊണ്ട് സെലൻസ്‌കി പറഞ്ഞു.