ന്യൂഡൽഹി : സംഘർഷഭരിതമായ രണ്ട് ആഴ്ചകൾക്ക് ശേഷം, വടക്കുകിഴക്കൻ യുക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. സുമിയിൽ നിന്ന് പോൾട്ടാവയിൽ എത്തിയ ഇവർ, അവിടെ നിന്ന് ട്രെയിനുകളിൽ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകും. ഇവർ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് തിരിക്കും.
ഇനിയൊരു മനുഷ്യത്വ ഇടനാഴി തുറക്കുമോ എന്ന് ഉറപ്പില്ലാത്തതിനാൽ ഈ അവസരം വിനിയോഗിക്കണമെന്ന് ഇന്ത്യൻ എംബസി വിദ്യാർത്ഥികളോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.
റഷ്യൻ അതിർത്തിക്കടുത്തുള്ള സുമിയിലെ അതിഗുരുതര സംഘർഷ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ച ഒഴിപ്പിക്കൽ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി എന്നിവരുമായി സംസാരിച്ച് സുമിയിൽ നിന്നുള്ള ഇന്ത്യക്കാരെ എത്രയും വേഗം സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് പിന്തുണ തേടിയതിന് പിന്നാലെയാണ് ഇത് സാധ്യമായത്.