ടൊറന്റോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് വേദിയാകുന്ന ടൊറന്റോ, വൻകൂവർ എന്നീ നഗരങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 145 മില്യൺ ഡോളർ കൂടി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ 13 മത്സരങ്ങളാണ് കാനഡയിൽ നടക്കുന്നത്. ഇത്രയും വലിയ കായിക മത്സരം നടത്തുമ്പോൾ വിപുലവും ഏകോപിതവുമായ സുരക്ഷാ സംവിധാനം ആവശ്യമാണെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഗാരി അനന്ദസംഗരി പറഞ്ഞു. ആരാധകർക്ക് ഭയരഹിതമായി മത്സരങ്ങൾ ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. ആതിഥേയ നഗരങ്ങളുടെയും പ്രവിശ്യകളുടെയും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാണ് ഈ അധിക തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ അനുവദിച്ച 320 മില്യൺ ഡോളറിന് പുറമെയാണിത്. സുരക്ഷ ഒരുക്കുന്ന റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ പ്രവർത്തനങ്ങൾക്കായി ഇതിനോടകം തന്നെ 100 മില്യൺ ഡോളർ വകയിരുത്തിയിട്ടുണ്ട്.

ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിലായാണ് ടൊറന്റോയിലും വൻകൂവറിലുമായി മത്സരങ്ങൾ നടക്കുക. ലോകകപ്പ് നടക്കുമ്പോൾ നഗരങ്ങളിൽ പ്രതിഷേധങ്ങൾക്കും മറ്റും സാധ്യതയുള്ളതിനാൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഫാൻ ഫെസ്റ്റിവലുകളിലും സ്റ്റേഡിയങ്ങളിലും എത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ടൊറന്റോയിലെ ബി.എം.ഒ (BMO) ഫീൽഡിൽ ഇതിനോടകം തന്നെ ഇരിപ്പിടങ്ങൾ വർദ്ധിപ്പിക്കുന്നതടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
