മാർച്ച് 11ന് ഇന്ത്യയും കാനഡയും വ്യാപാര, നിക്ഷേപം സംബന്ധിച്ച അഞ്ചാമത് മന്ത്രിതല ചർച്ച നടത്തി. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മേരി എൻജി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സാമ്പത്തിക വികസനം, ചെറുകിട വ്യവസായം, വ്യാപാരം, കയറ്റുമതി എന്നീ മേഖലയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെയുള്ള ബന്ധങ്ങളും സാമ്പത്തിക പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ ഉഭയകക്ഷി വ്യാപാര, നിക്ഷേപ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
മാർച്ച് 10 മുതൽ 13 വരെ ഇന്ത്യയും കാനഡയും വ്യാപാര നിക്ഷേപം സംബന്ധിച്ച അഞ്ചാമത് മന്ത്രിതല ചർച്ച നടത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. കാനഡയിലേക്കുള്ള പ്രധാന ഇന്ത്യൻ കയറ്റുമതിയിൽ മരുന്നുകളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും, ഇരുമ്പ്, ഉരുക്ക് ഉൽപ്പന്നങ്ങൾ, കോട്ടൺ തുണിത്തരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ രാസവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുന്നു, അതേസമയം ഇന്ത്യയിലേക്കുള്ള പ്രധാന കനേഡിയൻ കയറ്റുമതിയിൽ പയറുവർഗ്ഗങ്ങൾ, വളങ്ങൾ, കൽക്കരി, ക്രൂഡ് പെട്രോളിയം മുതലായവ ഉൾപ്പെടുന്നു.