തിരുവനന്തപുരം- കേന്ദ്ര മാതൃകയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കേരള സ്വന്തം സംവിധാനമൊരുക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) സമാനമായ സംവിധാനമാണ് വരുന്നത്. സംസ്ഥാനത്തിനകത്ത് നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളും കുറ്റകൃത്യങ്ങളും അന്വേഷിക്കാനും നടപടിയെടുക്കാനുമായാണ് അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നത്. ഇക്കണോമിക് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിംഗ് എന്നാണ് പേര്. പുതിയ അന്വേഷണ ഏജന്‍സി രൂപീകരിക്കുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കി. ഇനി മന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും.
ഇ.ഡിയും കസ്റ്റംസും സംസ്ഥാനത്ത് വലവിരിച്ചുതുടങ്ങിയ ഘട്ടത്തിലാണ് സംസ്ഥാനം സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം എന്ന ആലോചന തുടങ്ങിയത്. സംസ്ഥാന പോലീസ് നല്‍കിയ ശുപാര്‍ശ വിവിധ ഘട്ടങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമരൂപത്തില്‍ എത്തി. ധനകാര്യവകുപ്പ് പച്ചക്കൊടി കാട്ടി. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എന്നിവയിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്നതാണ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക നിയമ നിര്‍വ്വഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവയാണ് ഇ.ഡിയുടെ ചുമതല.