മെൽബൺ : ഓസ്‌ട്രേലിയൻ നഗരമായ മെൽബണിൽ പാർട്ട് ടൈം റൈഡ് ഷെയർ ഡ്രൈവറായി ജോലി ചെയ്യുന്ന പാകിസ്ഥാൻ വിദ്യാർത്ഥിയെ ശനിയാഴ്ച പുലർച്ചെ രണ്ട് അജ്ഞാതരായ പുരുഷ യാത്രക്കാർ ഒന്നിലധികം തവണ കുത്തി പരിക്കേൽപ്പിച്ചു. ഹസൻ അഹമ്മദ് എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. മെൽബണിലെ പാകിസ്ഥാൻ കോൺസുലേറ്റ് ജനറലിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞത്.
ആക്രമണത്തെത്തുടർന്ന് യാത്രക്കാർ അദ്ദേഹത്തിന്റെ മസ്ദ 3 കാർ മോഷ്ടിച്ച ശേഷം കാർ റോഡിൽ ഉപേക്ഷിച്ചതായി പോലീസ് അറിയിച്ചു. പ്രതികൾ ഒളിവിലാണ്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ റോയൽ മെൽബൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥ മറികടന്നതായി പാകിസ്ഥാൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.
“പാകിസ്ഥാൻ പൗരനായ ഹസൻ അഹമ്മദിനെ കുത്തിപരിക്കേൽപ്പിച്ച നിർഭാഗ്യകരമായ സംഭവം ഞങ്ങൾ പിന്തുടരുകയാണ്. ഹസനെ പ്രവേശിപ്പിച്ചിരിക്കുന്ന റോയൽ മെൽബൺ ഹോസ്പിറ്റലിൽ ഞങ്ങളുടെ കോൺസൽ ഇന്ന് സന്ദർശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വിവരിച്ചതായി മെൽബണിലെ പാകിസ്ഥാൻ കോൺസുലേറ്റ് ജനറൽ ട്വീറ്റ് ചെയ്തു.
“കോൺസുലേറ്റ് ജനറൽ ഹസ്സനുമായും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യും,” കോൺസുലേറ്റ് ജനറൽ കൂട്ടിച്ചേർത്തു.
ദക്ഷിണേഷ്യയിൽ നിന്നുള്ള ആളുകൾക്കെതിരെ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ ഓസ്‌ട്രേലിയയിൽ മുമ്പും നടന്നിട്ടുണ്ട്.