ന്യൂയോർക്ക്: ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് വിട്ടുനൽകണമെന്ന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. രാജാവിന്റെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യൻ വംശജൻ കൂടിയായ മംദാനി ഈ നിലപാട് വ്യക്തമാക്കിയത്.
സെപ്റ്റംബർ 11 ആക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിനിടെ രാജാവുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാൽ ഈ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഹിനൂർ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1849-ൽ ലാഹോർ ഉടമ്പടി വഴി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഈ വജ്രം തട്ടിയെടുത്തതാണെന്നാണ് ഇന്ത്യയുടെ നിലപാട്. അന്ന് ബാലനായിരുന്ന മഹാരാജ ദുലീപ് സിങ്ങിനെ ഭീഷണിപ്പെടുത്തിയാണ് വജ്രം കൈക്കലാക്കിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

പത്തൊൻപതാം നൂറ്റാണ്ടിലെ നിയമപരമായ ഉടമ്പടി പ്രകാരം വജ്രം തങ്ങളുടേതാണെന്ന നിലപാടിൽ ബ്രിട്ടൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. മംദാനിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ ബെക്കിങ്ഹാം കൊട്ടാരം തയ്യാറായിട്ടില്ല. 105.6 കാരറ്റ് തൂക്കമുള്ള കോഹിനൂർ വജ്രം നിലവിൽ ലണ്ടൻ ടവറിലെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലാണ് പതിപ്പിച്ചിരിക്കുന്നത്. കൊളോണിയൽ ചൂഷണത്തിന്റെ പ്രതീകമായി കാണുന്ന ഈ വജ്രം തിരികെ ലഭിക്കണമെന്ന ആവശ്യം മംദാനിയുടെ പ്രസ്താവനയോടെ വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുകയാണ്.
