ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്നലെ 1,500-ലേറെ പുതിയ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2020 ന്റെ തുടക്കത്തില്‍ ചൈനയിലുടനീളം കോവിഡ് തരംഗം പ്രകടമായതിനു ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഹോങ്കോങ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചും ശക്തമായ ലോക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് ലോകത്ത് ആദ്യമായി ചൈനയില്‍ കോവിഡ് കേസ് സ്ഥിരീകരിച്ചത്.
കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്കു കടന്നിരിക്കുകയാണ് അധികൃതര്‍. പല നഗരങ്ങളും വലിയ ജനക്കൂട്ടം പങ്കടുക്കുന്ന പരിപാടികള്‍ റദ്ദാക്കുന്നതു വീണ്ടും നടപ്പാക്കിത്തുടങ്ങി. ജനങ്ങളെ കൂട്ടമായി കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതു വീണ്ടും പ്രോത്സാഹിപ്പിക്കുകയും സ്‌കൂളില്‍ മുഖാമുഖമുള്ള ക്ലാസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്. നഗരത്തിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി. ഹോങ്കോങ് അതിര്‍ത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. ഷാങ്ഹായ്, ചാങ്ചുന്‍ നഗരങ്ങളിലും ഭാഗിക ലോക്ഡൗണ്‍ ഉണ്ട്. വിവിധ പ്രവിശ്യകളില്‍ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോര്‍ട്ട്.
വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജിലിന്‍ നഗരത്തിലെ മേയറെയും തലസ്ഥാനമായ ചാങ്ചുനിലെ ഒരു ജില്ലാ തലവനെയും തലസ്ഥാനങ്ങളില്‍നിന്നു നീക്കിയതായാണു റിപ്പോര്‍ട്ട്. അവശ്യ സര്‍വിസുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളോടും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ചാങ്ചുന്‍ അധികൃതര്‍ ഉത്തരവിട്ടു. ചാങ്ചുനില്‍ ആളുകള്‍ക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കു വീടുവിട്ടുപോകാന്‍ വിലക്കുണ്ട്. 90 ലക്ഷം ജനങ്ങളാണ് ഈ മേഖയിലുള്ളത്. ജിലിന്‍ നഗരപ്രദേശങ്ങളിലും സമാനമായ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായില്‍, ഡിസ്നിലാന്‍ഡ് റിസോര്‍ട്ട് അതിഥി ശേഷി കുറയ്ക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ സന്ദര്‍ശകര്‍ 24 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് ന്യൂക്ലിക് ആസിഡ് പരിശോധനാ ഫലങ്ങള്‍ ഹാജരാക്കണമെന്നു ഡിസ്നിലാന്‍ഡ് നിര്‍ദേശിച്ചു.
അതേസമയം പുതിയ വകഭേദങ്ങള്‍ ഇനിയും വരാനുള്ള സാധ്യത നിലനില്‍ക്കെ വാക്‌സീന്റെ നാലാം ഡോസ് അനിവാര്യമാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല പറഞ്ഞു. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് ഫ്രാന്‍സില്‍ നാലാം ഡോസ് വാക്‌സീന്‍ പ്രഖ്യാപിച്ചു. മൂന്നാം ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ്.