ഓട്ടവ: കാനഡ ഭാവിയിൽ യൂറോപ്യൻ യൂണിയന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഓട്ടവയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
കാനഡയുടെ മൂല്യങ്ങളും ഭരണഘടനയും യൂറോപ്യൻ യൂണിയനോട് ചേർന്നുനിൽക്കുന്നതാണെന്ന് ഫിൻലൻഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ആർട്ടിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐസ് ബ്രേക്കർ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കാനഡ-ഫിൻലൻഡ്-യുഎസ് ത്രിരാഷ്ട്ര കരാറിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളിൽ ട്രംപ് ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് വ്യാപാര മേഖല വിപുലീകരിക്കാനാണ് കാനഡയുടെ നീക്കം.

രാജ്യാന്തര സുരക്ഷയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് ഫിൻലൻഡുമായുള്ള പങ്കാളിത്തം ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. സുരക്ഷാ കാര്യങ്ങളിൽ അമേരിക്കയുമായുള്ള സഹകരണം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ആഗോള ക്രമം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇരുനേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.
ഔദ്യോഗിക ചർച്ചകൾക്ക് പുറമെ, ഓട്ടവ ചാർജ് ടീമിനൊപ്പം ഐസ് ഹോക്കി പരിശീലനത്തിലും ഇരുനേതാക്കളും പങ്കെടുത്തു. താനും മാർക്ക് കാർണിയും തമ്മിൽ അടുത്ത വ്യക്തിബന്ധമാണുള്ളതെന്നും വിവരങ്ങൾ കൈമാറാൻ നിരന്തരം സന്ദേശങ്ങൾ അയക്കാറുണ്ടെന്നും സ്റ്റബ്ബ് വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളിൽ ചില വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധ മേഖലയിൽ സഹകരണം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
