ഡോള്‍ട്ടണ്‍: യുഎസിലെ ചിക്കാഗോയില്‍ തോക്കുമായി കളിച്ച മൂന്ന് വയസുകാരന്റെ വെടിയേറ്റ് മാതാവിന് ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ട് ഡോള്‍ട്ടണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവം. ദേജ ബന്നറ്റ് എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. കഴുത്തിന് പിന്നാലാണ് യുവതിയ്ക്ക് വെടിയേറ്റത്. അപകടത്തിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കാറിലെ ചൈല്‍ഡ് സീറ്റില്‍ ഇരിക്കുകയായിരുന്നു മൂന്ന് വയസ്സുകാരന്‍, മുന്‍സീറ്റില്‍ രക്ഷിതാക്കളും. ഇതിനിടെ കളിക്കാനായി തോക്ക് കയ്യില്‍ കിട്ടിയ കുട്ടി അബദ്ധത്തില്‍ കാഞ്ചി വലിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് കോളിന്‍സ് പൊലീസ് മേധാവി വിശദീകരിക്കുന്നത്. എന്നാല്‍ മൂന്ന് വയസ്സുകാരന്‍ എങ്ങനെ ഒരു പിസ്റ്റള്‍ കൈകാര്യം ചെയ്തു എന്നത് ദുരൂഹമായി തുടരുകയാണ്.
സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇവരുടെ പക്കലുണ്ടായിരുന്ന തോക്കിന് മതിയായ രേഖകള്‍ ഇല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതിന്റെ പേരില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
തോക്ക് സംസ്കാരം വ്യാപകമായ യുഎസില്‍ ഇതുമായി ബന്ധപ്പെട്ട് അപകടങ്ങളും പതിവാണ്. കുട്ടികള്‍ ഇത്തരം ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെ ഉണ്ടാവുന്ന അപകടങ്ങളെ തുടര്‍ന്ന് യുഎസില്‍ 350 മരണങ്ങളെങ്കിലും സംഭവിക്കാറുണ്ടെന്നാണ് കണക്കുകള്‍. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് വെബ്സൈറ്റ് പ്രകാരം ആത്മഹത്യകള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം ഏകദേശം 40,000 മരണങ്ങള്‍ക്ക് തോക്കുകള്‍ ഉപയോഗിക്കപ്പെടുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.