Tuesday, May 26, 2026

പലിശനിരക്കും ജീവിതച്ചെലവും കുതിക്കുന്നു; കാനഡയിലെ ഭവന ഉടമകൾ കടക്കെണിയിൽ

ടൊറന്റോ: ഉയർന്ന പലിശനിരക്കും വർധിച്ചുവരുന്ന ജീവിതച്ചെലവും കാനഡയിലെ ഭവന ഉടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി ഇക്വിഫാക്സ് കാനഡയുടെ (Equifax Canada) ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം, കടം വീട്ടാനാകാതെ ജനങ്ങൾ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുന്ന സാഹചര്യം 2009-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സാമ്പത്തിക തകർച്ച നിരക്കിൽ 18.8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭവനവായ്പകളുടെ പലിശനിരക്ക് കുത്തനെ കൂടിയതാണ് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചതും സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിച്ചതും.

കഴിഞ്ഞ വർഷത്തെ അവസാന പാദത്തെ അപേക്ഷിച്ച് ഭവനഉടമകൾക്കിടയിലെ സാമ്പത്തിക തകർച്ച നിരക്ക് 11 ശതമാനത്തിലധികം വർദ്ധിച്ചു. ഇതിൽ 90 ശതമാനത്തിലധികം ആളുകളും പൂർണ്ണമായി പാപ്പരായി പ്രഖ്യാപിക്കുന്നതിന് പകരം കടം തിരിച്ചടയ്ക്കാൻ കൂടുതൽ സമയം തേടുന്ന ‘കൺസ്യൂമർ പ്രൊപ്പോസൽ’ രീതിയാണ് തിരഞ്ഞെടുത്തത്. ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയ ഉയർന്ന വിലയുള്ള ഭവന വിപണികളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. വീടില്ലാത്തവരെ അപേക്ഷിച്ച് ഭവനഉടമകളുടെ കടബാധ്യത വളരെ കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭവനവായ്പ ഒഴികെയുള്ള ഇവരുടെ ശരാശരി കടം രണ്ടു വർഷം മുൻപത്തെ അപേക്ഷിച്ച് 19% വർദ്ധിച്ച് 82,400 ഡോളറിലെത്തി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കാനഡക്കാർ ചെലവുകൾ ചുരുക്കി അച്ചടക്കത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലെ ചെലവ് കുറച്ചതിനെ തുടർന്ന് ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ ഒരു പരിധി വരെ തീർക്കാൻ പലർക്കും സാധിച്ചിട്ടുണ്ട്. കൂടാതെ ഇൻഷുറൻസ് പ്രീമിയം, ഇന്ധനവില, വാഹന പരിപാലന ചെലവ് എന്നിവ വർദ്ധിച്ചതോടെ പുതിയ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്നും വായ്പകൾ എടുക്കുന്നതിൽ നിന്നും ജനങ്ങൾ പിൻവാങ്ങുകയാണ്. പുതിയ ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!