കറാച്ചി : മോഡേണ്‍ ക്രിക്കറ്റിലെ ഭാവി ഇതിഹാസമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് പാക്കിസ്ഥാന്‍ ടീം നായകന്‍ ബാബര്‍ അസം. കറാച്ചി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 196 റണ്‍സ് നേടുകയും ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനും ബാബറിനായി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയില്‍ പിരിഞ്ഞു.
കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ വീണെങ്കിലും അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ബാബര്‍ കളം വിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്സില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡാണ് താരം നേടിയത്. സര്‍ ഡോണ്‍ ബ്രാഡ്മാന്‍, റിക്കി പോണ്ടിങ്, ബ്രയന്‍ ലാറ, വിരാട് കോഹ്ലി എന്നിവരെയാണ് ബാബര്‍ മറികടന്നത്.
നാലാം ഇന്നിങ്സിലെ ബ്രാഡ്മാന്റെ ഉയര്‍ന്ന സ്കോര്‍ 173 ആണ്. കോഹ്ലി (156), ലാറ (153), പോണ്ടിങ് (141) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകള്‍. ലോകക്രിക്കറ്റില്‍ ബാറ്റിങ്ങില്‍ മൂന്ന് ഫോര്‍മാറ്റുകളിലെ റാങ്കിങ്ങിലും ആദ്യ പത്തിലുള്ള ഏക താരമാണ് ബബാര്‍. ടെസ്റ്റ് (8), എകദിനം, ട്വന്റി 20 (1) എന്നിങ്ങനെയാണ് ബാബറിന്റെ റാങ്കിങ്ങ്.
അഞ്ചാം ദിനം എട്ട് വിക്കറ്റ് ശേഷിക്കെ 506 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ ആവശ്യമായിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമുള്ള ടെസ്റ്റ് സെഞ്ചുറിയോടെ ബാബര്‍ ഓസീസിന്റെ വിജയത്തിന് വിലങ്ങു തടിയായി. ബാറ്റിങ് തകര്‍ച്ചയിലേക്ക് പാക്കിസ്ഥാന്‍ വീഴുമെന്ന് തോന്നിപ്പിച്ചെങ്കിലും ബാബറിന്റെ ബാറ്റ് രക്ഷകന്റെ റോളിലെത്തി.