പ്രമുഖ മ്യൂസിക്ക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്പോട്ടിഫൈയുമായി സ്‌പോൺസർഷിപ്പ് കരാറൊപ്പിട്ട് ബാഴ്‌സലോണ. ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്പോൺസറായി സ്പോട്ടിഫൈയെ തീരുമാനിക്കുന്ന ഈ കരാറൊപ്പിട്ട വിവരം ഇന്നലെ രാത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നേരത്തെ ബാഴ്‌സലോണയുടെ പ്രധാന സ്‌പോൺസർമാർ ആയിരുന്ന റാക്കുട്ടനു പകരമാണ് സ്പോട്ടിഫൈ ക്ലബിന്റെ പ്രധാനപ്പെട്ട പങ്കാളികൾ ആവുന്നത്. നാല് വർഷത്തെ കരാർ ഒപ്പിട്ട സ്പോട്ടിഫൈയുടെ പേര് ഇനി ബാഴ്‌സലോണ പുരുഷ, വനിതാ ടീമുകളുടെ ജേഴ്‌സിക്കു മുന്നിലുണ്ടാകും.
സ്പോട്ടിഫൈയുമായി കരാർ ഒപ്പിട്ടതോടെ ബാഴ്‌സലോണയുടെ സ്റ്റേഡിയമായ ക്യാമ്പ് നൂവിന്റെ പേരും മാറും. ക്യാമ്പ് നൂ എന്നതിനു പകരം സ്പോട്ടിഫൈ ക്യാമ്പ് നൂ എന്നാണു സ്റ്റേഡിയത്തിന്റെ പേരുണ്ടാവുക. അടുത്ത മൂന്നു സീസണുകളിലേക്ക് ക്ലബിന്റെ ട്രെയിനിങ് കിറ്റുകൾ സ്പോൺസർ ചെയ്യുന്നതും കരാറിൽ ഉൾപ്പെടുന്നു.
ജൂലൈ ഒന്നു മുതലാണ് സ്പോട്ടിഫൈയുടെ പേര് ക്ലബിന്റെ ജേഴ്‌സികളിൽ വരാൻ തുടങ്ങുക. ക്ലബിന്റെ ടെലിവിഷൻ ഓഡിയന്സിനു വേണ്ടി സംഗീത കലാപരിപാടികൾക്ക് സ്റ്റേഡിയം ഉപയോഗിക്കാനും സ്പോട്ടിഫൈക്കു പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്‌പോൺസർഷിപ്പ് കരാറിന്റെ മൂല്യം എത്രയാണെന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിവിധ റിപ്പോർട്ടുകൾ 280 മില്യൺ യൂറോയാണ് കരാർ മൂല്യമെന്നു പറയുന്നുണ്ട്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇതൊരു ചുവടുവെപ്പാണ്.