കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ജാന്മണി ദാസിനെതിരെ കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ബിജെപി നേതാവും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ നവ്യ ഹരിദാസ് നല്കിയ പരാതിയിലാണ് പൊലീസ് നടപടി.
സിജെപി (പ്രക്ഷോഭം) നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്നും ക്രമസമാധാനവും സമാധാന അന്തരീക്ഷവും തകര്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതായി എഫ്ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 192, 356 (2) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 (ഒ) വകുപ്പുമനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവാദം കടുത്തതോടെ തന്റെ പരാമര്‍ശങ്ങളില്‍ ജാന്മണി ദാസ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ഉദ്ദേശിച്ച കാര്യം മലയാളത്തില്‍ വ്യക്തമായി പറയാന്‍ കഴിയാതെ പോയതാണെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. എന്നാല്‍ ജാന്മണിയുടെ ക്ഷമാപണം തള്ളിയ മഹിളാ മോര്‍ച്ച നേതൃത്വം, വിഷയം ലളിതമായി കാണാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
