മോസ്‌കോ : യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ആഗോള ഉപരോധങ്ങള്‍ക്കനുസൃതമായി സമ്പദ്‌വ്യവസ്ഥയെ ക്രമീകരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. പാശ്ചാത്യരെ ആശ്രയിക്കുന്നതു സംബന്ധിച്ച എല്ലാ മിഥ്യാധാരണകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടു. ആഗോള ഭരണാധികാരിയെ പോലെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കയുടെ ആധിപത്യമുള്ള ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് റഷ്യ ഒരിക്കലും അംഗീകരിക്കില്ലെന്നും ലാവ്‌റോവ് പറഞ്ഞു.
സാധാരണക്കാരെ ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ
സാധാരണക്കാരെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നു എന്ന ആരോപണം റഷ്യ നിഷേധിച്ചു. സൈന്യം അത്തരമൊരു കെട്ടിടം ആക്രമിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ആര്‍ഐഎ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മരിയുപോളിൽ നിന്ന് 300 അഭയാർത്ഥികളുമായി 13 ബസുകൾ റഷ്യയിലെ റോസ്തോവ് മേഖലയിൽ എത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയുടെ ഇന്റർഫാക്സ് വാർത്താ ഏജൻസിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യൂറോപ്യൻ സ്പേസ് ഏജൻസി ചൊവ്വാ ദൗത്യം ഉപേക്ഷിച്ചു
ഉക്രെയ്നിലെ റഷ്യൻ അധിനിവേശം കാരണം, യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) ഈ വർഷത്തെ ചൊവ്വാ ദൗത്യം ഉപേക്ഷിച്ചു.
റഷ്യയുടെ സ്റ്റേറ്റ് ബഹിരാകാശ കോർപ്പറേഷനായ റോസ്‌കോസ്‌മോസുമായി ചേർന്നുള്ള എക്‌സോമാർസ് റോവർ ദൗത്യം അനിശ്ചിതകാലത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം കാരണം ദൗത്യം നടക്കാൻ “തീരേ സാധ്യതയില്ല” എന്ന് ഇഎസ്എ മുമ്പ് പറഞ്ഞിരുന്നു.
ഏജൻസിയുടെ ആദ്യ ചൊവ്വാ ദൗത്യമായിരുന്നു ഈ വർഷം അയക്കേണ്ടിയിരുന്നത്. ഗ്രഹത്തിൽ എപ്പോഴെങ്കിലും ജീവൻ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതിനുള്ള ദൗത്യമായിരുന്നു ഇത്.