തെക്കൻ നഗരമായ മൈക്കോളൈവിലെ ഉക്രേനിയൻ സൈനിക ബാരക്കിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് സൈനികർ കൊല്ലപ്പെട്ടു.
റഷ്യൻ സൈന്യം ആക്രമണം നടത്തിയപ്പോൾ “200-ലധികം സൈനികർ ബാരക്കുകളിൽ ഉറങ്ങുകയായിരുന്നു”, എന്ന് ഉക്രേനിയൻ സൈനികനായ 22 കാരനായ മാക്സിം പറഞ്ഞു. കുറഞ്ഞത് 50 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേരുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോംബാക്രമണത്തിൽ 100 ഓളം പേർ കൊല്ലപ്പെട്ടിരിക്കാമെന്നു മറ്റൊരു സൈനികൻ അറിയിച്ചു. മരിച്ചവരുടെ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നിരവധി മിസൈൽ ആക്രമണത്തെത്തുടർന്ന് നഗരത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രം പൂർണ്ണമായും തകർന്നു.
“ഇന്നലെ ഓർക്ക്‌സ് നമ്മുടെ ഉറങ്ങുന്ന സൈനികരെ ഭീരുവായ രീതിയിൽ റോക്കറ്റ് ഉപയോഗിച്ച് ആക്രമിച്ചു,” പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ വിറ്റാലി കിം ശനിയാഴ്ച ഒരു വീഡിയോയിൽ റഷ്യൻ സേനയുടെ ഉക്രേനിയൻ വിളിപ്പേര് ഉപയോഗിച്ച് പറഞ്ഞു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സായുധ സേനയിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അദ്ദേഹം കൂടുതൽ വിവരങ്ങൾ നൽകിയില്ല.
യുദ്ധത്തിന് മുമ്പു അരലക്ഷത്തോളം നിവാസികൾ ഉണ്ടായിരുന്ന നഗരം ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലുള്ള അയൽ പ്രദേശമായ കെർസണിൽ നിന്ന് ആക്രമിക്കപ്പെടുകയാണെന്നു മൈക്കോളൈവിന്റെ മേയർ ഒലെക്‌സാണ്ടർ സെൻകെവിച്ച് പറഞ്ഞു.
തന്ത്രപ്രധാന തുറമുഖ നഗരമായ ഒഡെസയിലേക്കുള്ള റോഡിൽ സ്ഥിതി ചെയ്യുന്ന മൈക്കോലൈവിൽ റഷ്യക്കാർ ദിവസങ്ങളായി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.