ബെംഗളൂരു: കര്‍ണാടക തുംകുരുവിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എട്ട് പേര്‍ മരിച്ചു. ഇരുപത്തഞ്ചോളം യാത്രക്കാര്‍ക്ക് പരിക്കേറ്റെന്നും അധികൃതർ അറിയിച്ചു. ബസിൽ അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നുവെന്നും ഒരു വളവിൽ വെച്ച് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നുമാണ് വിവരം.
കോളേജ് വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടതെന്നു റിപ്പോര്‍ട്ട്. മരിച്ചവരിൽ അഞ്ച് പേര്‍ വിദ്യാര്‍ഥികളാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 25ഓളം വിദ്യാര്‍ഥികള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. നില മോശമായവരെ ബെംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
തുംകുരുവിനു സമീപം പാവഗാഡയിലാണ് അപകടം നടന്നത്. ഹോസ്കോട്ടെയിൽ നിന്ന് പാവഗഡയിലേയ്ക്കുള്ള വഴിയിൽ പലവല്ലി ബ്ലോക്കിനു സമീപത്തു വെച്ച് ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സ്കൂളുകളിലേയ്ക്കും കോളേജുകളിലേയ്ക്കും പോകുകയായിരുന്ന വിദ്യാര്‍ഥികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അപകടസമയത്ത് ബസിൽ ആളുകളെ കുത്തിനിറച്ചിരിക്കുകയായിരുന്നുവെന്നും അശ്രദ്ധമായാണ് ഡ്രൈവര്‍ വാഹനമോടിച്ചിരുന്നത് എന്നുമാണ് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപെട്ട ഡ്രൈവര്‍ സ്ഥലത്തു നിന്നും രക്ഷപെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.