മാഡ്രിഡ് : സാവിയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നുറപ്പു നൽകി എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്‌സലോണ. സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിൽ അപ്രമാദിത്വം കാണിച്ച ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഒബാമയാങ് ഇരട്ടഗോളുകൾ നേടിയപ്പോൾ ഫെറൻ ടോറസ്, റൊണാൾഡ് അറോഹോ എന്നിവരാണ് ബാഴ്‌സയുടെ മറ്റു ഗോളുകൾ കുറിച്ചത്. ഒസ്മാനെ ഡെംബലെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു.
റയൽ മാഡ്രിഡിന്റെ മൈതാനത്ത് ബാഴ്‌സലോണ പൂർണമായും ആധിപത്യം സ്ഥാപിച്ചതായിരുന്നു മത്സരത്തിന്റെ ആദ്യപകുതി. കൃത്യതയും ഒഴുക്കുമുള്ള കളി കാഴ്‌ച വെച്ച അവർക്ക് തുടക്കം മുതൽ തന്നെ മുന്നിലെത്താൻ അവസരങ്ങൾ ഉണ്ടായെങ്കിലും ക്വാർട്ടുവയുടെ കൈകൾ റയലിന്റെ രക്ഷക്കെത്തി. ബാഴ്‌സയുടെ മുന്നേറ്റങ്ങൾ ഫലം കണ്ടത് ഇരുപത്തിയൊമ്പതാം മിനുട്ടിലാണ്. വലതുവിങ്ങിലൂടെ ഡെംബലെ നടത്തിയ മുന്നേറ്റത്തിനു ശേഷം നൽകിയ ക്രോസിൽ നിന്നും ഒബാമയാങ് ബാഴ്‌സലോണയെ മുന്നിലെത്തിച്ചു.
അതുവരെ ഏതാനും ഒറ്റപ്പെട്ട പ്രത്യാക്രമങ്ങൾ മാത്രം നടത്തിയ റയൽ മാഡ്രിഡ് ഗോൾ വീണതിനു ശേഷം ഒന്നുണർന്നെങ്കിലും ബാഴ്‌സലോണയുടെ അച്ചടക്കമുള്ള ഗെയിം അവർക്ക് മികച്ച അവസരങ്ങളൊന്നും നൽകിയില്ല. അതിനിടയിൽ റയലിനു രണ്ടാമത്തെ പ്രഹരവും ലഭിച്ചു. ഒസ്മാനെ ഡെംബലെ എടുത്ത കോർണറിനു തലവെച്ച് മുപ്പത്തിയെട്ടാം മിനുട്ടിൽ റൊണാൾഡ് അറോഹോയാണ് ബാഴ്‌സലോണയുടെ ലീഡുയർത്തിയത്.
രണ്ടാം പകുതിയിൽ തിരിച്ചു വരാനുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങളെ ആദ്യ പത്തു മിനുട്ടിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ കൂടി നേടിയാണ് ബാഴ്‌സലോണ തകർത്തത്. ഒബാമയാങ്ങിന്റെ അസിസ്റ്റിൽ ഫെറൻ ടോറസാണു ബാഴ്‌സലോണയുടെ മൂന്നാമത്തെ ഗോൾ നേടിയത്. അതിനു പിന്നാലെ ഫെറൻ ടോറസ് വെച്ചു നീട്ടിയ പാസിൽ നിന്നും ഒബാമയാങ് മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി ബാഴ്‌സലോണയുടെ ലീഡ് നാലാക്കി വർധിപ്പിച്ചു.
തിരിച്ചു വരവ് അസാധ്യമായി മാറിയ റയൽ മാഡ്രിഡ് അതിനു ശേഷം ആശ്വാസഗോൾ കണ്ടെത്താൻ വേണ്ടി ശ്രമിച്ച് ഏതാനും അവസരങ്ങൾ ഉണ്ടാക്കിയെടുത്തെങ്കിലും ബാഴ്‌സ പ്രതിരോധവും ടെർ സ്റ്റീഗനും അതിനെ തടഞ്ഞു നിർത്തി. അതേസമയം ഗോളെന്നുറപ്പിച്ച നിരവധി മുന്നേറ്റങ്ങളാണ് ബാഴ്‌സലോണ അതിനു ശേഷവും നടത്തിയത്. അതു മുതലാക്കാൻ അവർക്കു കഴിഞ്ഞിരുന്നെങ്കിൽ ഇതിനേക്കാൾ മോശം തോൽവി റയൽ മാഡ്രിഡിനു നേരിടേണ്ടി വരുമായിരുന്നു.