യുക്രെനില്‍ അധിനിവേശം നടത്തുന്ന റഷ്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവെക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലന്‍സ്‌കി ആവശ്യപ്പെട്ടു.
“അധിനിവേശം നടത്തുന്ന രാജ്യത്തിന് ആയുധങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യരുത്. അധിനിവേശക്കാര്‍ക്ക് യൂറോ നല്‍കരുത്. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക. നിങ്ങളുടെ സാധനങ്ങള്‍ അവര്‍ക്ക് കയറ്റുമതി ചെയ്യരുത്. ഊര്‍ജവിഭവങ്ങള്‍ നിരസിക്കണം. യുക്രൈന്‍ വിടാന്‍ റഷ്യയുടെമേല്‍ സമ്മര്‍ദം ചെലുത്തുക” വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.
ബാള്‍ട്ടിക് രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ ഓയില്‍, ഗ്യാസ് ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സെലന്‍സ്‌കി അഭ്യര്‍ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം റഷ്യയില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തുന്നതിനെ ജര്‍മനി എതിര്‍ത്തു.
റഷ്യക്കെതിരായ ഉപരോധം ശക്തമാക്കുന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്യും. അതിനിടെ എണ്ണ ഉപരോധം ഏര്‍പ്പെടുത്തുന്നത് എല്ലാവരെയും ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.’
‘അത്തരമൊരു ഉപരോധം ലോക ഊര്‍ജവിപണിയില്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. യൂറോപ്പിന്റെ ഊര്‍ജ സന്തുലിതാവസ്ഥയില്‍ ഇത് വളരെ ഗുരുതരമായ വിപരീത പ്രതിഫലനമുണ്ടാക്കും”-റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.