Tuesday, May 26, 2026

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയെയും കാണും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ സേവാതീര്‍ത്ഥിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

കേരളത്തിന്റെ വിവിധ വികസന പദ്ധതികള്‍ക്കും കേന്ദ്ര സഹായം ആവശ്യമായ വിഷയങ്ങള്‍ക്കുമാണ് കൂടിക്കാഴ്ചയില്‍ മുന്‍ഗണന നല്‍കിയത്. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്ന എയിംസ് (AIIMS), മെട്രോ റെയില്‍ വിപുലീകരണം തുടങ്ങിയ സുപ്രധാന പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദര്‍ശനം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി നിര്‍മല സീതാരാമനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട വിഹിതവും ചര്‍ച്ചകളില്‍ ഇടംപിടിച്ചേക്കും. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക. വരും ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചകള്‍ കേരളത്തിന് കൂടുതല്‍ വികസന പദ്ധതികള്‍ നേടിയെടുക്കാന്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!