ജലം എന്നത് ജീവന് അത്യന്താപേക്ഷികമായ ഒരു ഘടകമാണ് എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതിന് ജലം അത്യാവശ്യമാണ്. മാര്‍ച്ച് 22 ലോക ജലദിനം, ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതുമായ ചില മൂല്യങ്ങളുണ്ട്. വേനല്‍ കടുക്കുന്നതോടെ ജലം എന്നത് ഓരോ തുള്ളി പോലും അമൂല്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ നമുക്ക് മാത്രമല്ല വരും തലമുറക്കും ഒരു തുള്ളിയെങ്കില്‍ ഒരു തുള്ളിയെങ്കിലും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.
തോടും കുളവും കായലും എല്ലാം വറ്റി വരണ്ടു കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നമുക്കറിയാം നമ്മുടെ കൊച്ചു കേരളത്തില്‍ എത്ര നദികളുണ്ടെന്നും എത്രത്തൊളം ജലസ്രോതസ്സുകള്‍ ഉണ്ടെന്നും. അവയെല്ലാം സംരക്ഷിക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതും നമ്മുടെയെല്ലാം ഉത്തരവാദിത്വം തന്നെയാണ്. ഇന്ന് പക്ഷേ മണലൂറ്റി ഓരോ പുഴയുടേയും ആത്മാവിനെ വരെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് നമ്മളില്‍ പലരും. പുഴകള്‍ മാലിന്യക്കൂടുകളും തോടുകള്‍ മാലിന്യവിക്ഷേപ കേന്ദ്രങ്ങളുമാക്കിക്കൊണ്ടിരിക്കുകയാണ്. അത് സൂചിപ്പിക്കുന്നതും വരും നാളുകളിലെ വരള്‍ച്ചയേയും ജലദൗര്‍ലഭ്യത്തേയും തന്നെയാണ്. എന്നാല്‍ ഈ ലോക ജലദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നോക്കാം.
ലോക ജലദിനത്തിന്റെ പ്രമേയം
ലോക ജലദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 22-നാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ജലദിനത്തോട് അനുബന്ധിച്ച് IGRAC നിര്‍ദ്ദേശിച്ച 2022-ലെ ലോക ജലദിനത്തിന്റെ പ്രമേയം എന്ന് പറയുന്നത് ”ഭൂഗർഭജലം: അദൃശ്യമായതിനെ ദൃശ്യമാക്കുന്നു” (Groundwater: Making The Invisible Visible) എന്നതാണ്. 2022 മാര്‍ച്ച് 21-ന് സെനഗലിലെ ഡാക്കറില്‍ നടക്കുന്ന 9-ാമത് വേള്‍ഡ് വാട്ടര്‍ ഫോറത്തിന്റെ ഉദ്ഘാടന സെഷനില്‍ ഇത് അവതരിപ്പിക്കുന്നതിനാണ് തീരുമാനം. ജലലഭ്യതയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ ദിനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
ലോക ജലദിനം: ചരിത്രം
1993- മുതലാണ് ലോക ജലദിനമായി ആചരിച്ച് തുടങ്ങിയത്. 1992-ല്‍ റിയോ ഡി ജനീറോയില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലി പാരിസ്ഥിതിക വികസന സമ്മേളനം അംഗീകരിച്ച പ്രമേയമാണ് ലോക ജലദിനം എന്ന ആശയത്തിലേക്ക് പിന്നീട് എത്തിയത്. എന്നാല്‍ ഇത്രയൊക്കെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജലത്തിന്റെ പ്രാധാന്യവും അതിന്റെ ലഭ്യതയെക്കുറിച്ചും നാമോരോരുത്തരും മനസ്സിലാക്കിയിട്ടില്ല എന്നുള്ളത് തന്നെയാണ് സത്യം. 1993-മുതല്‍ ഈ വര്‍ഷം വരേയും ജലത്തിന്റെ ലഭ്യതയും സംരക്ഷണവും എന്നതിനെക്കുറിച്ച് സമൂഹത്തിലെ ഓരോരുത്തരിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഈ ദിനം ആഘോഷിക്കുന്നു.
ലോക ജലദിനം: പ്രാധാന്യം
ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ശുദ്ധജല ലഭ്യതക്കുറവ്. വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനം ചുട്ട് പൊള്ളിക്കൊണ്ടിരിക്കുകയാണ്. കിണറുകള്‍ ഉള്‍പ്പടെയുള്ള ജലസ്രോതസ്സുകള്‍ വറ്റി വരണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിനം. അതു തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില വരുന്ന കാലം വിദുരമല്ല എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ഇന്നത്തെ കാലത്ത് ജലക്ഷാമവും മലിനീകരണവും പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ജനങ്ങള്‍ വലയുകയാണ്. ജനസംഖ്യ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയും ഭൂമിയിലെ ജലത്തിന്റെ ദൗര്‍ലഭ്യത കുറയുകയും ചെയ്യാന്‍ ഇനി അധിക നാള്‍ ഇല്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്.
എല്ലാ വര്‍ഷവും, ഈ ലോക ജലദിനം ലോകമെമ്പാടുമുള്ള ആളുകളെ ബോധവത്കരിക്കുന്നതിനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗുരുതരമായ ജലപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടിയുള്ള ദിനമാണ് എന്നതാണ് സത്യം. 2030-ആവുന്നതോടെ എല്ലാവര്‍ക്കും വെള്ളവും ശുചിത്വവും എന്ന അവസ്ഥയിലേക്ക് എത്തുക എന്നതാണ്. ഓരോ തുള്ളി ജലത്തേയും വിലമതിക്കുക, സൂക്ഷിച്ചുപയോഗിക്കുക എന്നതാണ് നാം അറിയേണ്ടതും അടുത്ത തലമുറയെ പറഞ്ഞ് പഠിപ്പിക്കേണ്ടതും.