എഡ്മിന്റൻ: നഗരസഭയിലെ തന്റെ പദവി ഒഴിഞ്ഞ് ആൽബർട്ട നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി കാൽഗറി സിറ്റി കൗൺസിലർ ഡാൻ മക്ലീൻ. കാൽഗറി-ഷാ റൈഡിങ്ങിൽ നിന്നും യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) സ്ഥാനാർത്ഥിത്വം തേടുമെന്ന് വെള്ളിയാഴ്ച രാവിലെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിലെ എംഎൽഎ റെബേക്ക ഷുൾസ് ഈ മാസം പദവി ഒഴിയാനിരിക്കെയാണ് മക്ലീന്റെ ഈ രാഷ്ട്രീയ നീക്കം.
റൈഡിങ്ങിലെ നിവാസികളുടെ ആശങ്കകളും നിർദ്ദേശങ്ങളും കേട്ട ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മക്ലീൻ പറഞ്ഞു. റെബേക്ക ഷുൾസ് റൈഡിങ്ങിൽ കാഴ്ചവെച്ച ശക്തവും മൂല്യാധിഷ്ഠിതവുമായ നേതൃത്വത്തിന്റെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും, ആ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് പോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട മക്ലീൻ, 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും വിജയിച്ചിരുന്നു.

അതേസമയം, മക്ലീൻ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് സിറ്റി ഹാൾ വിടുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്. ‘പ്രോഗ്രസീവ് ഗ്രൂപ്പ് ഫോർ ഇൻഡിപെൻഡന്റ് ബിസിനസ്’ ഉൾപ്പെടെയുള്ള സംഘടനകൾ അദ്ദേഹം പദവിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. മക്ലീന്റെ രാജി മൂലം അടിച്ചേൽപ്പിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പ് നികുതിദായകർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. അദ്ദേഹം ഉയർന്ന പദവി ലക്ഷ്യമിടുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വോട്ടർമാർ അദ്ദേഹത്തിന് അനുകൂലമായി വിധി എഴുതുകയില്ലായിരുന്നുവെന്ന് വിമർശകർ വാദിച്ചു.
