ചൊവ്വാഴ്‌ച തെക്കൻ ഇസ്രായേലിൽ കത്തിയുമായി ഒരാൾ നിരവധി ആളുകളെ കുത്തുകയും മറ്റൊരാളുടെ മേൽ കാർ ഓടിച്ചു കയറ്റുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി എംഡിഎ വക്താവ് പറഞ്ഞു.
വൈകുന്നേരം 4:00 മണിക്ക് (1400 GMT) ശേഷം തെക്കൻ നഗരമായ ബീർഷെബയിലെ ഒരു ഗ്യാസ് സ്റ്റേഷനിലും ഒരു ഷോപ്പിംഗ് സെന്ററിന് പുറത്തുമാണ് ആക്രമണം ആരംഭിച്ചതെന്നു പോലീസും എമർജൻസി മെഡിക്കൽ റെസ്‌പോണ്ടർമാരും പറഞ്ഞു.
ഗ്യാസ് സ്റ്റേഷനിൽ എത്തിയ ശേഷം അക്രമി തന്റെ കാർ ഉപേക്ഷിച്ച് ഒരു സ്ത്രീയെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കാറിൽ തിരിച്ചെത്തി ഷോപ്പിംഗ് സെന്ററിന് പുറത്ത് സൈക്കിളിൽ സഞ്ചരിച്ചിരുന്ന 60 വയസ്സുള്ള ഒരാളുടെ മേൽ ഇടിക്കുകയായിരുന്നു.
പോലീസും മാഗൻ ഡേവിഡ് അഡോം എമർജൻസി മെഡിക്കൽ റെസ്‌പോൺസ് ഓർഗനൈസേഷനും പറയുന്നതനുസരിച്ച്, സംശയിക്കുന്നയാൾ വീണ്ടും കാർ ഉപേക്ഷിച്ച് ഷോപ്പിംഗ് സെന്ററിന് ചുറ്റും മറ്റുള്ളവരെ കുത്താൻ തുടങ്ങി.
സംഭവസ്ഥലത്തുണ്ടായിരുന്ന സാധാരണക്കാർ വെടിയുതിർക്കുകയും പ്രതിയെ നിർവീര്യമാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു,
ആക്രമണത്തെ തുടർന്ന് ആഭ്യന്തര സുരക്ഷാ മന്ത്രിയുമായും പോലീസ് കമ്മീഷണറുമായും ചർച്ച നടത്തിയതായി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഓഫീസ് അറിയിച്ചു.
“സാമർത്ഥ്യവും ധൈര്യവും കാണിക്കുകയും കൂടുതൽ അപകടങ്ങൾ തടയുകയും ചെയ്തു” എന്ന് അക്രമിയെ വെടിവച്ചവരെ അദ്ദേഹം പിന്നീട് പ്രശംസിച്ചു.
“സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. ഭീകരർക്കെതിരെ ശക്തമായി പ്രവർത്തിക്കും. ഞങ്ങൾ അവരെയും അവരെ സഹായിക്കുന്നവരെയും പിന്തുടരും, ”ഇസ്രായേൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം “ഭീകരരെ” അടിച്ചമർത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
അക്രമിയെന്ന് കരുതപ്പെടുന്നയാളെക്കുറിച്ചു വിശദവിവരങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല.