ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയുടെ വീട്ടിൽ കവർച്ച. ലോകകപ്പ് ജേതാവായ സമയത്ത് ലഭിച്ച മെഡൽ ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായി താരം അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ തന്റെ ടീമായ മാഞ്ചസ്റ്റർ യുനൈറ്റഡും അത്‌ലറ്റിക്കോ മാഡ്രിഡിഡുമായുള്ള മത്സരം പുരോഗമിക്കുന്നതിനിടെയാണ് മോഷണമുണ്ടായത്. ചൊവ്വാഴ്ച്ച തന്റെ വീട്ടിലെത്തിയ മോഷ്ടാക്കൾ അമ്മയുടെ ആഭരണവും ലോകകപ്പ് നേടിയപ്പോൾ ലഭിച്ച മെഡലും ഉൾപ്പെടെ കവർന്നുവെന്ന് താരം വ്യക്തമാക്കി.
‘മോഷണ സമയത്ത് എന്റെ മക്കളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്, ഇക്കാര്യമാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്. മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചതായി വ്യക്തമായതോടെ മൂവരും ഒരു മുറിയിൽ കയറി വാതിലടച്ചുസ ശേഷം സുരക്ഷാ ജീവനക്കാരെയും എന്റെ ഭാര്യയെയും വിവരമറിയിച്ചു. മോഷണത്തിന് പിന്നാലെ അമ്മ ഭയപ്പാടിലായിരുന്നു.’ ഔദ്യോഗിക പ്രസ്താവനയിൽ പൊഗ്ബ പറഞ്ഞു.
ഐവറി കോസ്റ്റിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്കായി ഒരുങ്ങുന്ന ഫ്രഞ്ച് ടീമിനൊപ്പമാണ് നിലവിൽ പൊഗ്ബയുള്ളത്. മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും പെട്ടന്ന് മോഷ്ടാക്കളെ കണ്ടെത്തുമെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു. 2018 ഫ്രഞ്ച് ലോകകപ്പ് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു പൊഗ്ബ.