തെലങ്കാന: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) 19 സീറ്റുള്ള പുതിയ ചെറുയാത്രാ വിമാനം പുറത്തിറക്കി.ചെറിയ യാത്രാ വിമാനങ്ങള്‍ വികസിപ്പിക്കുക എന്നുള്ള ഇന്ത്യയുടെ സുപ്രധാന ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ഹിന്ദുസ്ഥാന്‍ 228 എന്ന പേരാണ് ഈ വിമാനത്തിന് നല്‍കിയിരിക്കുന്നത്.വിമാനത്തിന് എയര്‍സ്ട്രിപ്പുകളിലൂടെ അനായാസം പറന്നുയരാനും ഇറങ്ങാനും സാധിക്കും.
ഇത്തരം വിമാനങ്ങള്‍ക്ക് വിപണിയില്‍ വലിയ സാധ്യതകളുണ്ടെന്നും ഹ്രസ്വദൂര യാത്രകള്‍ക്കായി ഇന്ത്യയിലും ലോകത്താകമാനവും സെമി റണ്‍വേകളില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്ന ഇത്തരം ചെറുവിമാനങ്ങളുണ്ടെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ അപൂര്‍ബ റോയ് പറഞ്ഞു. മള്‍ട്ടി യൂട്ടിലിറ്റി വിമാനമായ ഈ ചെറു വിമാനങ്ങള്‍ ആംബുലന്‍സ്, കാര്‍ഗോ, പാരാഡ്രോപ് തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള ആറ് വിമാനങ്ങള്‍ കൂടി ഉടന്‍ നിര്‍മിക്കാനാണ് എച്ച്‌എഎല്‍ ലക്ഷ്യമിടുന്നത്. അതേസമയം ഈ വിമാനങ്ങളില്‍ മറ്റ് വലിയ വിമാനങ്ങളിലുള്ളതുപോലെയുള്ള ടോയ്ലെറ്റ് സൗകര്യങ്ങളൊന്നും ഉണ്ടായിരിക്കില്ല. ടോയ്ലെറ്റ് സൗകര്യം ഉള്‍പ്പെടുത്തണമെങ്കില്‍ സീറ്റുകളുടെ എണ്ണം 17 ആയി പരിമിതപ്പെടുത്തും. നിലവില്‍ 19 പേര്‍ക്കാണ് ഹിന്ദുസ്ഥാന്‍ 228 വിമാനത്തില്‍ സഞ്ചരിക്കാനാവുക.
വിമാനം ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെങ്കിലും അതിന്റെ എന്‍ജിനെല്ലാം വിദേശ നിര്‍മ്മിതമാണ്. ഡോര്‍ണിയര്‍ കമ്പനിയുടേതാണ് ഡിസൈന്‍. സര്‍വീസിനായി വിമാനം ഒരുങ്ങുന്നതിന് മുന്നോടിയായുള്ള എല്ലാ പരിശോധനകളും നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.