റോം – തുടര്‍ച്ചയായ രണ്ടാം തവണും ഇറ്റലിയില്ലാതെ ലോകകപ്പ്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഏറ്റവും വലിയ അട്ടിമറികളില്‍ നോര്‍ത് മാസിഡോണിയയോട് പ്ലേഓഫില്‍ 0-1 ന് യൂറോപ്യന്‍ ചാമ്പ്യന്മാര്‍ തോറ്റു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ട്രായ്‌കോവ്‌സ്‌കിയാണ് ഗോളടിച്ചത്. ഒരു വര്‍ഷം മുമ്പ് ജര്‍മനിയെയും എവേ മത്സരത്തില്‍ തോല്‍പിച്ച നോര്‍ത് മാസിഡോണിയ ലോകകപ്പിന്റെ വക്കിലാണ്. തുര്‍ക്കിയെ തോല്‍പിച്ച പോര്‍ചുഗലുമായാണ് അവരുടെ അവസാന പ്ലേഓഫ്.
ഇറ്റലിയോ പോര്‍ചുഗലോ എന്നതായിരുന്നു ഉയര്‍ന്ന ചോദ്യം. എന്നാല്‍ പോര്‍ചുഗലിനെ നേരിടും മുമ്പെ ഇറ്റലി പുറത്തായി. കഴിഞ്ഞ ലോകകപ്പിന്റെ പ്ലേഓഫില്‍ സ്വീഡനോടായിരുന്നു അവര്‍ തോറ്റത്. പിന്നീട് ഉജ്വല ഫോമിലേക്കുയര്‍ന്ന അസൂറികള്‍ തുടര്‍ച്ചയായ 37 കളികളില്‍ പരാജയമില്ലാതെ റെക്കോര്‍ഡ് സ്ഥാപിക്കുകയും യൂറോപ്യന്‍ കിരീടമുയര്‍ത്തുകയും ചെയ്തു.
ലോകകപ്പ് യോഗ്യതാ റൗണ്ടിലും അവസാനം വരെ അവര്‍ മുന്നിലായിരുന്നു. അവസാന അഞ്ചു കളികളില്‍ നാലിലും സമനില വഴങ്ങിയതോടെ അവരെ സ്വിറ്റ്‌സര്‍ലന്റ് മറികടന്നു. സ്വിറ്റ്‌സര്‍ലന്റിനെതിരെ ജോര്‍ജിഞ്ഞൊ പാഴാക്കിയ രണ്ട് പെനാല്‍ട്ടികള്‍ ഫലത്തില്‍ അവര്‍ക്ക് ശവക്കുഴിയൊരുക്കി.
ചരിത്രത്തിലാദ്യമായാണ് ഇറ്റലി തുടര്‍ച്ചയായ രണ്ട് ലോകകപ്പുകള്‍ കളിക്കാനാവാതെ പോവുന്നത്. യൂറോപ്യന്‍ ചാമ്പ്യന്മാരായി ഏഴു മാസം പിന്നിടും മുമ്പെയാണ് ഈ ദുരന്തം.