വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ന് പോളണ്ടിലെത്തും. യുക്രൈനില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലേക്കാകും ബൈഡന്‍ എത്തുക. പോളിഷ് പ്രസിഡന്‍റ്, ജോ ബൈഡനെ സ്വാഗതം ചെയ്യും. റഷ്യ യുക്രൈന്‍ യുദ്ധ സാഹചര്യത്തിലാണ് ബൈഡന്റെ അടിയന്തര യൂറോപ്പ് സന്ദര്‍ശനമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. അതേ സമയം പോളണ്ട് സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.
പോളണ്ട് സന്ദര്‍ശനവേളയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണും റസെസോവില്‍ എത്തിയിരുന്നു. മാര്‍ച്ച് അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. യുക്രൈന്‍ പൗരന്മാരെ സ്വീകരിക്കുന്ന പോളണ്ടിന്റെ ബ്രീഫിങ്ങും ജോ ബൈഡനുമായുള്ള കൂടിക്കാഴ്‌ചയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ സേനയ്ക്കെതിരെ പോരാടുന്നതിനായി യുക്രൈന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയത്. യുക്രൈന് മെച്ചപ്പെട്ട പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ പോരാട്ടമായി ഇത് മാറിയപ്പോള്‍ യുക്രൈനില്‍ നിന്ന് പലായനം ചെയ്‌തവരുടെ എണ്ണവും ലക്ഷങ്ങള്‍ കടന്നു. കീവിലും മരിയുപോളിലും സുമിയിലും റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ യുക്രൈന്‍ വലിയ പ്രതിരോധം തീര്‍ത്തിരുന്നു. റഷ്യയുടെ ബോംബാക്രമണത്തില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോളില്‍ ദിവസവും 50 മുതല്‍ 100 ബോംബാക്രമണങ്ങള്‍ നടക്കുന്നുവെന്നാണ് നഗരത്തിലെ ഭരണാധികാരികളെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പലായനം ചെയ്‌തവരില്‍ 18 ലക്ഷം കുട്ടികള്‍യുക്രൈനില്‍ നിന്ന് പലായനം ചെയ്‌ത ലക്ഷക്കണക്കിന് പേരില്‍ 18 ലക്ഷം കുട്ടികളാണെന്ന് യുഎന്‍ കണക്കുകള്‍ പറയുന്നു. യുക്രൈനില്‍ നിന്ന് ഭൂരിഭാഗം പേരും പോളണ്ടിലേക്കാണ് പലായനം ചെയ്യുന്നത്. അതേ സമയം ഈ ജനതയെ സ്വീകരിക്കുന്നതില്‍ പോളണ്ട് അതിന്റെ പരിധിയില്‍ എത്തിയെന്നും ഇനി പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും ജനതയെ സ്വീകരിക്കുന്നതില്‍ നിലപാട് എടുക്കേണ്ടിവരുമെന്നും പോളണ്ട് പ്രസിഡന്‍റ് വ്യക്തമാക്കി.