തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പി.കെ. കൃഷ്ണദാസ് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കിയ ഗള്‍ഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.
സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും ‘PRD Live’ ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്പുകളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും. ഇത്തവണ 4.52 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.

അതേസമയം, അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രധാന തീയതികള്‍ പ്രകാരം ജൂണ്‍ എട്ടിന് ട്രയല്‍ അലോട്ട്‌മെന്റും, ജൂണ്‍ 15ന് ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നിനകം അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ രണ്ടിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ജൂലൈ 13 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ നടക്കും, ആഗസ്റ്റ് അഞ്ചോടെ ഈ വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ണ്ണമായി അവസാനിക്കും.
