ലാഹോര്‍: ആദ്യ രണ്ട് ടെസ്റ്റിലെ സമനിലക്കും മൂന്നാം ടെസ്റ്റിലെ ആദ്യ നാലു ദിവസത്തെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനുശേഷം ഒടുവില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ പാക്കിസ്ഥാന്‍ കീഴടങ്ങി.
ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍(Pakistan vs Australia 3rd Test) പാക്കിസ്ഥാനെ 115 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പര 1-0ന് സ്വന്തമാക്കി. 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന മികച്ച നിലയിലാണ് ക്രീസിലിറങ്ങിയതെങ്കിലും 235 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത നഥാന്‍ ലിയോണും(Nathan Lyon) മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമിന്‍സും(Pat Cummins) ചേര്‍ന്നാണ് അവസാന ദിവസം പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്കോര്‍ ഓസ്ട്രേലിയ 391, 227-3, പാക്കിസ്ഥാന്‍ 268, 235.
22 വര്‍ഷത്തിനുശേഷമാണ് ഓസ്ട്രേലിയ പാക്കിസ്ഥാനില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. പാക്കിസ്ഥാനില്‍ ഓസ്ട്രേലിയയുടെ മൂന്നാം പരമ്പര നേട്ടമാണിത്. 1959-60ല്‍ റിച്ചി ബെനാഡിന്‍റെ നേതൃത്വത്തിലും 1998-99ല്‍ മാര്‍ക്ക് ടെയ്‌ലറുടെ നേതൃത്വത്തിലുമായിരുന്നു ഓസ്ട്രേലിയയുടെ പരമ്പര നേട്ടങ്ങള്‍. 2011ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ചശേഷം ഏഷ്യയില്‍ ഓസീസിന്‍റെ ആദ്യ പരമ്പര നേട്ടവുമാണിത്. പരമ്പരയിലെ രണ്ട് ടെസ്റ്റില്‍ നിന്ന് 301 റണ്‍സ് നേടി മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഓസീസിന്‍റെ ഉസ്മാന്‍ ഖവാജയാണ് പരമ്പരയുടെ താരം.
വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാന് അതേ സ്കോറില്‍ അബ്ദുള്ള ഷഫീഖിന്‍റെ(27) വിക്കറ്റ് നഷ്ടമായി. ഇമാമുള്‍ ഹഖും അസ്ഹര്‍ അലിയും(17) ചേര്‍ന്ന് പാക്കിസ്ഥാനെ 100 കടത്തിയെങ്കിലും അലിയെ വീഴ്ത്തി ലിയോണ്‍ പാക്കിസ്ഥാന് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നിന്നതോടെ പാക്കിസ്ഥാന് പ്രതീക്ഷയായി.
പ്രതിരോധിച്ചു നിന്ന അസ്ഹര്‍ അലിയെ(70)യും അസമിനെയും(55) മടക്കി ലിയോണ്‍ പാക്കിസ്ഥാന്‍റെ വിജയപ്രതീക്ഷ തകര്‍ത്തു. ഫവാദ് ആലത്തെയും(11), മുഹമ്മദ് റിസ്വാനെയും(0) വീഴ്ത്തി പാറ്റ് കമിന്‍സ് പാക്കിസ്ഥാന്‍റെ നടുവൊടിച്ചതോടെ തോല്‍വി ഒഴിവാക്കാനായി പിന്നീട് പാക് പോരാട്ടം. സാജിദ് ഖാനെ(21) സ്റ്റാര്‍ക്ക് പുറത്താക്കിയതിന് പിന്നാലെ വാലറ്റത്തെ ലിയോണും കമിന്‍സും ചേര്‍ന്ന് ചുരുട്ടികെട്ടിയതോടെ പാക്കിസ്ഥാന്‍റെ പതനം പൂര്‍ത്തിയായി.
ഓസീസിനായി ലിയോണ്‍ 83 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കമിന്‍സ് 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയില്‍ ആയിരുന്നു.