ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി ബെലാറസ്.
ആദ്യ പകുതിയിൽ ഗോളുകൾ നേടുന്നതിൽ നിന്ന് ബെലാറസിനെ തടഞ്ഞു നിറുത്താൻ ഇന്ത്യക്കായെങ്കിലും, രണ്ടാം പകുതിയിൽ അടി തെറ്റുന്ന കാഴ്ചയാണ് ബഹ്‌റൈനിൽ കണ്ടത്.
48-ആം മിനുറ്റിൽ അർടിം ബൈകോവിലൂടെ മുന്നിലെത്തിയ ബെലാറസ്, 68-ആം മിനുറ്റിൽ ആന്ദ്രേ സോളോവെയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. പരിക്ക് സമയത്തിന്റെ ആദ്യ മിനുറ്റിൽ വലേരി ഗ്രോമൈക്കോയിലൂടെ ബെലാറസ് തങ്ങളുടെ മൂന്നാം ഗോളും നേടി.
മത്സരത്തിലുടനീളം ബെലാറസ് ആധിപത്യം പുലർത്തിയപ്പോൾ, മികച്ച നീക്കങ്ങൾ സൃഷ്ടിക്കാൻ പോലും ഇന്ത്യ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. ബഹ്‌റൈനെതിരെ കാഴ്ചവെച്ച പോരാട്ടവീര്യം പോലും ബെലാറസിനെതിരെ പുറത്തെടുക്കാൻ നീലക്കടുവകൾക്ക് കഴിഞ്ഞില്ലെന്നത് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ടീമിനെ ഒരുക്കുന്ന പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് തലവേദന സമ്മാനിക്കുന്ന കാര്യമാണ്.
നേരത്തെ, ബുധനാഴ്ച നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ ബഹ്‌റൈനെതിരെ ഇന്ത്യ രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.