എഡ്മിന്റൻ: ഇക്കഴിഞ്ഞ മാർച്ചിൽ എഡ്മന്റണിലെ മിൽ വുഡ്‌സ് മേഖലയിൽ പൊലീസ് കസ്റ്റഡിയിൽ യുവതി മരിച്ച സംഭവത്തിൽ ആൽബർട്ട ഇ’എഎസ്ഐആർടി’ (ASIRT) അന്വേഷണം തുടങ്ങി. ഒരു റെസ്റ്റോറന്റിൽ ബഹളമുണ്ടാക്കിയതിനെത്തുടർന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അസ്വാഭാവികമായ രീതിയിൽ പെരുമാറുകയും ഉറക്കെ സംസാരിച്ച് ഉപഭോക്താക്കളെ ഭയപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് എഡ്മിന്റൻ പൊലീസ് സർവീസ് (EPS) ഉദ്യോഗസ്ഥരെ റെസ്റ്റോറന്റിലേക്ക് വിളിച്ചതെന്ന് അധികൃതർ അറിയിച്ചു. പൊലീസിനെ കണ്ട യുവതി അടുത്തുള്ള മറ്റൊരു റെസ്റ്റോറന്റിലേക്ക് ഓടിക്കയറുകയും അവിടെ ശുചിമുറിയിൽ ഒളിക്കുകയും ചെയ്തു. അവിടെ നിന്നാണ് ഉദ്യോഗസ്ഥർ യുവതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില പരിശോധിക്കാൻ പാരാമെഡിക്കൽ വിഭാഗത്തെ വിളിച്ചെങ്കിലും കസ്റ്റഡിയിലുള്ള യുവതി സഹകരിച്ചില്ലെന്ന് എഎസ്ഐആർടി പത്രക്കുറിപ്പിൽ അറിയിച്ചു.

തുടർന്ന് യുവതിയെ പൊലീസിന്റെ ഡിറ്റൈനി മാനേജ്‌മെന്റ് യൂണിറ്റിലേക്ക് (DMU) മാറ്റിയെങ്കിലും അവിടെ എത്തിയപ്പോൾ യുവതി അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിൽ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാത്രയിലുടനീളം യുവതി അസ്വാഭാവികമായി പെരുമാറിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സാക്ഷികളായവരോ ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ എഎസ്ഐആർടി-യുമായി (780-644-1483) ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
