ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് മുതൽ അന്താരാഷ്ട്ര വിമാന സർവീസുകളും പഴയ പടിയായി. ജന ജീവിതവും സാധാരണ ഗതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നത് ഒഴിവാക്കുന്നതുൾപ്പടെയുള്ള ഇളവുകൾ പ്രഖ്യാപിച്ചത് രാജ്യത്ത് കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുമോയെന്ന ആശങ്കയും ആരോഗ്യ വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡിന്റെ നാലാം തരംഗത്തെ പ്രതീക്ഷിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയും അമേരിക്കയുമുൾപ്പടെയുള്ള രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചു വരുന്നത് നാലാം തരംഗത്തിന്റെ സൂചനയായിട്ടാണ് വിദഗ്ദ്ധർ കരുതുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ നിയന്ത്രണങ്ങളിലെ ഇളവ് എങ്ങനെയാണ് കൊവിഡ് വ്യാപനത്തെ സ്വാധീനിക്കുന്നതെന്ന് കണ്ടറിയണം.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1660 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് നിലവിലുള്ള മൊത്തം കേസുകളുടെ എണ്ണം 16,741 മാത്രമാണ്. എന്നാൽ മറ്റു രാജ്യങ്ങളിലെ അവസ്ഥ ഇതല്ല. ചില രാജ്യങ്ങൾ വീണ്ടും കൊവിഡിന്റെ പിടിയിലാവുകയാണ്. ആഗോള തലത്തിൽ രണ്ടാഴ്ചയായി പുതിയ കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ ചൈനയിലെ സ്ഥിതി രൂക്ഷമാവുകയാണ്. രാജ്യത്തെ അവസ്ഥ സങ്കീർണമായിക്കൊണ്ടിരിക്കുകയാണെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1300 ഓളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേസുകൾ വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ ചൈനയിലെ ഇരുപതോളം പ്രദേശങ്ങളിൽ യാത്രാ നിരോധനവും ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് മാർച്ച് 1 മുതൽ ഹോങ്കോംഗ് ഒഴികെ രാജ്യത്ത് 56,000 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഹോങ്കോംഗിലെ കേസുകളുടെ കണക്ക് ചൈന പ്രത്യേകമായാണ് രേഖപ്പെടുത്തുന്നത്. ഇവിടുത്തെ സാഹചര്യം വളരെ വഷളായി വരികെയാണ്. ഹോങ്കോംഗിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 10,401 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ കൊവിഡ് ബാധിച്ചു മരിച്ചവരിലേറെയും പൂർണ്ണമായി വാക്സിൻ എടുക്കാത്ത പ്രായമായവരാണ്.
യുകെയിലെ സ്ഥിതിയും ദിനം പ്രതി സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇവിടുത്തെ കൊവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഒരു ദശലക്ഷത്തോളം വർദ്ധിച്ച് 4.26 ദശലക്ഷത്തിൽ എത്തിയിരിക്കുകയാണ്. യുകെയിൽ കേസുകൾ വർദ്ധിക്കാൻ കാരണം കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബിഎ.2 ആണെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിക്കുന്നത്. ഒമിക്രോണിനേക്കാൾ പതിന്മടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഈ വകഭേദം.
5.18 കോടി മാത്രം ജനസംഘ്യയുള്ള ദക്ഷിണ കൊറിയയിലാകട്ടെ 3,18,130 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത്. 282 കൊവിഡ് മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം കേസുകളുടെ എണ്ണം നാലു ലക്ഷത്തിൽ താഴെയായി തുടരുന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. ഇവിടെയും കേസുകൾ ക്രമാതീതമായി വർദ്ധിക്കാൻ കാരണം ഒമിക്രോൺ വകഭേദം തന്നെയാണ്. അമേരിക്കയിൽ ന്യൂയോർക്കിലുൾപ്പടെ ഒമിക്രോൺ ബിഎ.2 വകഭേദം പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. വാക്സിന്റെയും ചികിത്സയുടെയും ലഭ്യതയുള്ളതുകൊണ്ട് പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് രാജ്യത്തെ വിദഗ്ദർ പറയുന്നത്.